ആലപ്പുഴയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെയും അസാധാരണ രൂപത്തോടെയും ജനിച്ച കുഞ്ഞിന്‍റെ ആരോഗ്യനില വീണ്ടും മോശമായി. ആലപ്പുഴ സ്വദേശി അനീഷ് മുഹമ്മദിന്‍റെയും സുറുമിയുടെയും രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത അണുബാധയെത്തുടര്‍ന്നുള്ള ‘സെപ്റ്റിക് ഷോക്’ ആണ് കുഞ്ഞിന്‍റെ നില വഷളാകാന്‍ കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കടുത്ത ശ്വാസതടസ്സം നേരിടുന്ന കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു ഇന്നലെ രാവിലെയാണ് കുഞ്ഞിനെ വീണ്ടും ആശുപത്രിയിലാക്കിയത്. കണ്ണ് തുറക്കാതെയും കൈകാലുകള്‍ തളര്‍ന്ന നിലയിലുമായിരുന്നു കുഞ്ഞ്. പ്രാഥമിക പരിശോധനയിൽ തന്നെ ഓക്സിജൻ ലെവൽ കുറവാണെന്നു കണ്ടെത്തി. തുടർന്നു കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉടൻ മെഡിക്കൽ ബോർഡ് കൂടി. 72 മണിക്കൂറിനു ശേഷമേ ആരോഗ്യ നിലയിലെ പുരോഗതിയെക്കുറിച്ചു പറയാൻ കഴിയൂ എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, സൂപ്രണ്ട് ഡോ.അബ്ദുൽ സലാം, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് ഡോ.ജോസ് ജേക്കബ് എന്നിവർ പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. നവംബർ എട്ടിന് ജനിച്ച കുഞ്ഞ് ഈ മാസം ഒന്നിനാണ് ആദ്യമായി കണ്ണ് തുറന്നത്. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നു വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിൽ തുടർ നടപടികളുണ്ടായില്ലെന്നു കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദ് ആരോപിച്ചു. ഗര്‍ഭാവസ്ഥയിലിരിക്കെ ആദ്യ സ്കാനുകളിലൊന്നും കുഞ്ഞിന്‍റെ ആരോഗ്യപ്രശ്നങ്ങളോ രൂപമാറ്റമോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വകാര്യ ലാബുകൾക്കെതിരെ പേരിനു നടപടിയെടുത്തത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായില്ലെന്നും അന്വേഷണം അട്ടിമറിച്ചെന്നും അനീഷ് പറയുന്നു.