നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് മക്കള്‍ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക.
കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന്‍ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്.