സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെയുള്ള നിയമപോരാട്ടത്തിന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ചെലവാക്കിയത് 75 ലക്ഷത്തോളം രൂപ. സർക്കാർ അഭിഭാഷകർക്ക് ഒന്നരകോടിയിലേറെ രൂപ പ്രതിമാസം നൽകുമ്പോഴാണ് പുറമേ നിന്നുള്ളവർക്ക് ഇത്രയും തുക ചെലവാക്കിയത്. അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിൽ കെ.എം.ഷാജിക്കെതിരെ 11 ലക്ഷം രൂപ മുടക്കിയാണ് പുറമെ നിന്നും അഭിഭാഷകനെ കൊണ്ടുവന്നത്.
പ്രമാദമായ പല കേസുകളിലും സംസ്ഥാന സർക്കാറിന് വേണ്ടി വാദിക്കാൻ പുറമേ നിന്നുള്ള അഭിഭാഷകർ എത്താറുണ്ട്. ലക്ഷങ്ങളാണ് ഇങ്ങനെ ഹാജരാകുന്ന അഭിഭാഷകർക്ക് നൽകാറുള്ളത്. ഇത്തരത്തിൽ പുറമേ നിന്നുള്ള അഭിഭാഷകർ ഹാജരായ രണ്ട് കേസുകളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
വൈസ് ചാൻസുകൾ നിയമനവുമായി ബന്ധപ്പെട്ട് ചാൻസിലർ കൂടിയായ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി തുടർച്ചയായ നിയമ പോരാട്ടങ്ങൾ നടന്നിരുന്നു. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ ശമ്പളം പറ്റുന്ന അഭിഭാഷകരാണ് ഹാജരായതെങ്കിലും സുപ്രീംകോടതിയിലെത്തിയപ്പോൾ കഥ മാറി. 2022 മുതല്‍ 24 വരെ മുതിർന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, കെ.കെ.വേണുഗോപാൽ എന്നിവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഈ കേസുകളിൽ സുപ്രീംകോടതിയിൽ ഹാജരായത്.
എഴുപതിനാല് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഫീസിനത്തിൽ ഇവർക്ക് നൽകിയത്. അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിൽ കെ.എം.ഷാജിക്കെതിരെ ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളിന് 11 ലക്ഷം രൂപയാണ് നൽകിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന് സ്വന്തമായി 138 അഭിഭാഷകരുണ്ട്. ഇവർക്ക് പ്രതിമാസം ഒരുകോടി അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ശമ്പളമായി നൽകുന്നത്. എന്നിട്ടാണ് കേസ് വാദിക്കാൻ പുറമേ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്നത് എന്നാണ് വിമർശനം.
അതേസമയം, സംസ്ഥാന സർക്കാരിനെതിരെ വാദിക്കാൻ പുറമേ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന വകയിൽ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലത്ത് എത്ര രൂപ ചിലവായെന്ന ചോദ്യത്തിന് അത് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നാണ് രാജഭവന്‍റെ മറുപടി.