തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ  മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ മൃതദേഹം വീണ്ടും  സംസ്കരിച്ചു. നാമജപയാത്രയായി സംസ്കാര സ്ഥലത്തെത്തിച്ച് ഹൈന്ദവ മതാചാരപ്രകാരമായിരുന്നു ചടങ്ങുകൾ. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വർഗീയ പരാമർശങ്ങളിൽ മാപ്പ് ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു. കുടുംബാംഗങ്ങളെ പൊലീസ് വീണ്ടും ചോദ്യംചെയ്യും. 

ഗോപൻസ്വാമി എന്നു വിളിക്കപ്പെടുന്ന ആറാലുംമൂട് സ്വദേശി മണിയൻ്റെ മൃതദേഹം  നാമജപ ഘോഷയാത്രയായാണ് സംസ്കാര സ്ഥലത്തേയ്ക്ക് കൊണ്ടുവന്നത്.  ആറാലുംമൂട് ജങ്ഷനിൽ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തിൽ മൃതദേഹo വഹിച്ചുകൊണ്ടായിരുന്നു  നാമജപയാത്ര .ഒപ്പം ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയ  സ്ഥലത്ത് തന്നെ കുറച്ചു കൂടി വിശാലമായ സൗകര്യങ്ങൾ ഒരുക്കിയായിരുന്നു സംസ്കാരം .2010 ൽ അദ്ദേഹം തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന ശില സ്ഥാപിച്ച്   ഹൈന്ദവ  മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ . ഇതിനിടെ മുമ്പ് നടത്തിയ  വർഗീയ പരാമർശങ്ങളിൽ മകൻ മാപ്പ് പറഞ്ഞു. എന്നാൽ  മരണകാരണം സംബന്ധിച്ച്  അവ്യക്തത തുടരുകയാണ്. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം  കുടുംബാംഗങ്ങളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഭസ്മം ഉള്ളിൽ ചെന്നോ എന്ന ഡോക്ടർമാരുടെ സംശയത്തിലും  തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹത നീക്കാനും വിദഗ്ധ പരിശോധനാ ഫലം കാക്കുകയാണ് പൊലീസ്.

ENGLISH SUMMARY:

In Neyyattinkara, Thiruvananthapuram, as the mystery surrounding Gopan Swami's death continues, the body was reburied. The ceremony, conducted according to Hindu religious customs, was carried out after a procession accompanied by chants.