setback-with-the-appointmen

തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായി ബി.അശോകിനെ നിയമിച്ച സര്‍ക്കാരിനു വന്‍ തിരിച്ചടി. നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേചെയ്തതോടെ, അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയും. ഇതോടെ ഉദ്യോഗസ്ഥ തലപ്പത്തെപോര് പുതിയ തലത്തിലായി. 

 

സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ തദ്ദേശപരിഷ്കരണ കമ്മിഷന്‍ നിയമനം സ്റ്റേ ചെയ്തത്. കമ്മീഷന്‍ രുപീകരിക്കാതെയാണോ നിയമനമെന്നും ചോദിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതേയുള്ളു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. കാറും ഡ്രൈവറും നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ കാറും ഡ്രൈവറുമല്ല ഓഫിസാണ് ഉദ്യോഗസ്ഥര്‍ക്ക്  വേണ്ടെതെന്നു പരിഹസിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വെറുതെ ശമ്പളം കൊടുക്കാമെന്നാണോയെന്നാരാഞ്ഞ കോടതി എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. 

ഇതോടെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി.അശോകിനു തുടരാം. മാത്രമല്ല ടിങ്കു ബിസ്വാളിനു നല്‍കിയ അധിക ചുമതല റദ്ദായി. കേന്ദ്ര സര്‍ക്കാരിന്‍റെയോ ഉദ്യോഗസ്ഥന്‍റേയോ അനുവാദം വാങ്ങാതെ നടത്തിയ നിയമനം ഐ.എ.എസ് ചട്ടം 6(2 )നു വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച്  നേരത്തെ ബി. അശോക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് കത്ത് നല്‍കിയിരുന്നു.  നടപടിയില്ലാതെ വന്നതോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇതോടെ ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ നേര്‍ക്ക് നേര്‍ പോരായി.

ENGLISH SUMMARY:

The government faced a major setback with the appointment of B. Ashok as the Chairman of the Local Governance Reform Commission being stayed by the Central Administrative Tribunal.