മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവായ സിലോസൈബിന്റെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാജിക് മഷ്റൂം ഫംഗസ് മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബെംഗളൂരു സ്വദേശിയായ ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. എന്‍.ഡി.പി.എസ് ആക്ടിൻ്റെ ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന രാസവസ്തുവായ സിലോസൈബിൻ ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൻ്റെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പ്രതിക്ക് ജാമ്യം അനുവദിച്ചത്. മാജിക് മഷ്റൂം ഫംഗസ് മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
226 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകൾ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തിരുന്നത്. അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും, വാണീജ്യ അളവിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നുമായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കരുതെന്നും വാണീജ്യ അളവിലുള്ള മാജിക് മഷ്റൂമാണ് പിടിച്ചെടുത്തതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
എന്നാൽ സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ലഹരി വസ്തുവുമായി കൂട്ടിക്കലർത്തിയതുമല്ല. ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് ഇവിടെ ബാധകമല്ല എന്നും കോടതി വ്യക്തമാക്കി. കർണാടക, തമിഴ്നാട് ഹൈക്കോടതികളുടെ സമാനവിധികൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.