TOPICS COVERED

വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കിയ വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവ ഒടുവിൽ കൂട്ടിലായി. തൂപ്രക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ രാത്രിയോടെ അകപ്പെട്ടത്. കടുവയെ പിന്നീട് കുപ്പാടി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. 

പത്തു ദിവസം, കടിച്ചു കൊന്നത് 5 ആടുകളെ.. ഒരു നാടിനായാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കടുവ ഒടുവിൽ കൂട്ടിലായി, തൂപ്രയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് 8 വയസുള്ള പെൺകടുവ അകപ്പെട്ടത്. അമരക്കുനിയിൽ ജനുവരി 7 നാണ് കടുവ ആദ്യമെത്തിയത്. പിന്നാലെ ഊട്ടികവലയിലും തൂപ്രയിലുമെത്തി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കടുവയെ പൂട്ടാൻ പറ്റിയിരുന്നില്ല. പ്രദേശവാസികൾ നെഞ്ചിടിപ്പോടെ കഴിഞ്ഞ സമയത്താണ് ഇന്നലെ 11.45 ഓടെ കൂട്ടിൽ പെട്ടത്. അതോടെ നാട്ടുകാർക്ക് ആശ്വാസം.

കടുവയെ പിന്നീട് കുപ്പാടി പുനരധിവാസ കേന്ദ്ര ത്തിലേക്ക് മാറ്റി. പ്രാഥമിക ചികിൽസ നൽകി. മുൻ കാലുകൾക്ക് പരുക്കുണ്ട്. തൃശൂർ മൃഗശാലയിലേക്കോ തിരുവനന്തപുരം മൃഗശാലയിലേക്കോ പിന്നീട് മാറ്റാനാണ് തീരുമാനം. കർണാടക വനത്തിൽ നിന്നാണ് കടുവയെത്തിയത്. ജില്ലയിൽ മറ്റു മൂന്നിടങ്ങളിൽ കൂടി കടുവാ സാന്നിധ്യമുള്ള തി നാൽ വനം വകുപ്പിനിത് താൽകാലിക ആശ്വാസം മാത്രമാണ്.