ആത്മാര്‍ത്ഥ പ്രണയത്തിനു മുന്‍പില്‍ തോറ്റുപോയൊരു ചെറുപ്പക്കാരനായാണ് ഷാരോണിന്‍റെ ഓര്‍മകള്‍ ഇന്ന് കേരളത്തിനു മുന്‍പില്‍ നില്‍ക്കുന്നത്. പങ്കാളി സ്നേഹത്തോടെ നല്‍കുന്നത് വിഷമാണെങ്കിലും കുടിക്കും എന്ന് പ്രണയത്തിന്‍റെ ആഴം ബോധ്യപ്പെടുത്താന്‍ പല കാമുകീകാമുകന്‍മാരും തമാശയ്ക്ക് പറയാറുണ്ട്. പക്ഷേ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ യുവാവാണ് ഷാരോണ്‍. അവന്‍ സ്നേഹിച്ചു, വിശ്വസിച്ചു, അവള്‍ ചതിച്ചു. ഇതാണ് പാറശാല കൊലക്കേസ്.
പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു. ഇനി ശിക്ഷാവിധി നാളെ അറിയാം. തട്ടിക്കൊണ്ടുപോകല്‍,വിഷം കലര്‍ത്തി കൊലപാതകം, അന്വേഷണത്തിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു അങ്ങനെ പല കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മൗനമായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. എന്തു ശിക്ഷ പ്രതീക്ഷിക്കുന്നു എന്ന ചോദ്യവും കേട്ടതായി പോലും നടിക്കാതെ ഗ്രീഷ്മ നടന്നുപോയി. തലകുനിച്ചായിരുന്നു മുഴുവന്‍ നേരവും ഗ്രീഷ്മയെ കാണാനായത്. ചോദ്യങ്ങളും കാമറകളും ഗ്രീഷ്മയ്ക്കു നേരെ വന്നപ്പോള്‍ തല പൊലീസുകാര്‍ക്കിടയിലേക്ക് മറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ഫോര്‍ട് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി മടങ്ങുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്.
വൈദ്യപരിശോധനയക്കു ശേഷം ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിച്ചു. കൊലപാതകക്കേസായിട്ടും 16 മാസമായി ഗ്രീഷ്മ ജാമ്യത്തിലായിരുന്നു. വിധി വന്നതോടെ ഒന്നും പ്രതികരിക്കാതെ ജയിലിലേക്ക്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ പൂര്‍ണമായി തള്ളിപ്പറയാത്തത് അന്വേഷണത്തിന് വെല്ലുവിളി ആയിരുന്നു. ഷാരോണിന്‍റെ സഹോദരന്‍ ഷിമോണിന് തോന്നിയ സംശയമാണ് കേസിന് അടിസ്ഥാനമായത്. തെളിവുകളുടെ അഭാവത്താല്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടു. കൂട്ടുപ്രതിയായ അമ്മാവന് തടവുശിക്ഷയാകും ലഭിക്കുക. കൊലക്കുറ്റം ഉള്‍പ്പെടെ തെളിഞ്ഞതുകൊണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.