മന്ത്രി കെ.ബി.ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ വഴിത്തിരിവ്. വില്‍പത്രത്തിലെ ഒപ്പുകള്‍ ആര്‍. ബാലകൃഷ്ണപിള്ളയുടേതെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു ഉഷ മോഹന്‍ദാസിന്‍റെ വാദം. ഇത് തെറ്റാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊട്ടാരക്കര മുന്‍സിഫ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വില്‍പത്രം പ്രകാരം സ്വത്തുക്കള്‍ ഗണേഷ് കുമാറിനാണ് ലഭിച്ചത്.
ആർ.ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുറത്തുവിട്ട വിൽപത്രം കൃത്രിമമാണെന്ന് ആരോപിച്ച് മൂത്തമകളായ ഉഷയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന കൊട്ടാരക്കര സബ് കോടതി വിൽപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പുകളും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കൗണ്ടർ ഫോയിലിലെ ഒപ്പുകളും വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുകയായിരുന്നു. ഉഷയുടെ ഇളയ സഹോദരിയും മന്ത്രി ഗണേഷ് കുമാറുമായിരുന്നു എതിര്‍കക്ഷികള്‍. 33 ഇടങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്ഥലങ്ങളും 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് കോടതിയിൽ ഉഷ നൽകിയ സത്യവാങ്മൂലം. എന്നാൽ വിൽപത്രം പൂർണമായും സത്യസന്ധമാണെന്നും ആർ.ബാലകൃഷ്ണപിള്ള നേരിട്ട് തയാറാക്കിയതാണെന്നും ഗണേഷ് കുമാറും ബിന്ദുവും അവകാശപ്പെട്ടു.
2020 ഓഗസ്റ്റ് 9ന് തയാറാക്കിയെന്നാണ് വിൽപത്രത്തിലുള്ളത്. ഇതിന് ശേഷം നടന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ആർ.ബാലകൃഷ്ണപിള്ള വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വിൽപത്ര പ്രകാരം കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യാൻ ബിന്ദുവും ഗണേഷ്‍കുമാറും നടപടികൾ ആരംഭിച്ചിരുന്നു. ഇതോടെയാണ് ഉഷ കോടതിയെ സമീപിച്ചത്.