പാലായിൽ ഒന്‍പതാംക്ലാസുകാരന്റെ നഗ്ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് 'പുഷ്പ' സിനിമയുടെ അനുകരണം എന്ന് സ്കൂൾ അധികൃതർ. അല്ലു അർജുന്റെ സിനിമയിൽ നായകനെ നഗ്നനാക്കുന്ന രംഗങ്ങൾ കുട്ടികൾ അനുകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ക്ലാസ് മുറിയിൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കഴിഞ്ഞ ജനുവരി 10ന് സമാനരീതിയിൽ ദൃശ്യങ്ങളെടുത്തിരുന്നു. വ്യാഴാഴ്ച വീണ്ടും സഹപാഠികൾ ആവർത്തിച്ചതോടെയാണ് കുട്ടി പരാതി നൽകിയത്. രക്ഷിതാവ് പാലാ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.