നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ്ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ. അപകട സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടിരുന്നു.കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം. അമിത വേഗതയിൽ പെട്ടെന്ന് വെട്ടി തിരിക്കാൻ നോക്കിയതാണ്, അപകട കാരണമെന്ന് ഡ്രൈവർ മൊഴി നൽകി. അപകടത്തില്‍ കാവല്ലൂർ സ്വദേശിനി ദാസിനി മരിച്ചു. കാട്ടാക്കട കാവല്ലൂരിൽ നിന്ന് മൂന്നാറിലേക്ക് കുടുംബ ടൂർ പോയ ബസ്സാണ് രാത്രി പത്തേകാലിന് നെടുമങ്ങാട് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബസ്സിൽ 49 പേർ ഉണ്ടായിരുന്നു.
ഒരു ലോറിയെ മറികടന്ന് അമിതവേഗത്തിൽ എത്തിയ ബസ് കൊടും വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ്സിന്റെ ഇടതുവശത്ത് ഇരുന്ന യാത്രക്കാർക്ക് ആണ് സാരമായി പരിക്കേറ്റത്. നാട്ടുകാർ ഓടിക്കൂടി സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്നാണ് പരിക്കേറ്റവരും പറഞ്ഞു. ജെസിബി എത്തിച്ചാണ് ബസ് നിവർത്തിയത്. ഇതിനിടെ ലോഡിലെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇത് ഭരണ പ്രതിപക്ഷ സംഘടനകളിൽ പെട്ടവർ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.