പത്തനംതിട്ട ഓമല്ലൂരില്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. പുഴയ്ക്ക് സമീപത്തെ ടര്‍ഫിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് നിഗമനം.
ഉച്ച തിരഞ്ഞാണ് മരിച്ച ശ്രീശരണ്‍, ഏബല്‍ എന്നിവരടങ്ങുന്ന കുട്ടികളുടെ അഞ്ചംഗ സംഘം സമീപത്തെ ടര്‍ഫില്‍ കളിക്കാനെത്തുന്നത്. അഞ്ചുപേരും ഒരേ സ്കൂളിലെ വിദ്യാര്‍ഥികളാണ്. സംഘത്തിലെ നാലുപേരാണ് ടര്‍ഫിന് സമീപമുള്ള അച്ചന്‍ കോവിലാറില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷ സേനയെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.