വയനാട്ടിൽ ആദിവാസി യുവതിയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയിൽ പ്രതി പിടിയിൽ. തിരുനെല്ലി പുളിമൂട് സ്വദേശി വർഗീസാണ് പിടിയിലായത്. വിശ്വാസത്തിന്റെ മറവിൽ മാനസികാസ്വസ്ഥതയുള്ള യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. നേരത്തേ പരാതി നൽകിയപ്പോൾ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചു.
2023 ഏപ്രീലിലായിരുന്നു ആദ്യ പീഡനം. വീട്ടിൽ അതിക്രമിച്ചെത്തിയ വർഗീസ് ലൈംഗികമായി പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കർണാടകയിൽ നിന്ന് സ്വാമി ജപിച്ചതെന്ന പേരിൽ യുവതിയുടെ ദേഹത്ത് ഒരു ചരട് കെട്ടിയായിരുന്നു ചൂഷണമൊക്കെയും.
പീഡന വിവരം മറ്റൊരാളോട് പറഞ്ഞാൽ മരണം വരെ സംഭവിക്കുമെന്ന് വർഗീസ് യുവതിയോട് പറഞ്ഞു കബളിപ്പിച്ചു. ഒരു വർഷത്തോളം പീഡനം തുടർന്നു. മനുഷ്യാവകാശ പ്രവർത്തകർ ഇടപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകി
പൊലീസ് കേസെടുത്തു പ്രതിയെ പിടികൂടി. തിരുനെല്ലി കാട്ടിക്കുളത്തു വെച്ചാണ് പ്രതി പിടിയിലായത്. ബലാൽസംഗമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു..