TOPICS COVERED

ഐക്യമില്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കളുടെ പൊതു വിമർശനം.ഐക്യം ഇല്ലെങ്കിൽ ചുമതലയൊഴിയാമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തുറന്നടിച്ചു.ഐക്യ ആഹ്വാനത്തിൻ്റെ ഭാഗമായി കെ സുധാകരനും വി.ഡി. സതീശനും  ഇന്ന് സംയുക്ത വാർത്താ സമ്മേളനം നടത്താനും ധാരണയായി.

ആറു മണിക്കൂർ നീണ്ട രാഷ്ട്രീയ കാര്യ സമിതിയിലെ ചർച്ചകൾ ഒരുകാര്യം ഉറപ്പിച്ചു. നിലവിൽ ഐക്യമില്ല. ഐക്യമില്ലെങ്കിൽ പദവി ഒഴിയാമെന്ന് ദീപാദാസ് മുൻഷി നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാൻഡിൻ്റെ നിലപാട് സംസ്ഥാന നേതൃത്വത്തിന് വ്യക്തമായി.

മൂന്നാമതും പ്രതിപക്ഷത്തിരിക്കാൻ വയ്യെന്നും അതു മനസ്സിൽ വെച്ച് എല്ലാവരും പെരുമാറണമെന്നും അഭിപ്രായപ്പെട്ട ടി സിദ്ദീഖ് കാര്യങ്ങൾ ഐക്യമില്ലെങ്കിലുള്ള ഭാവി പ്രവചിച്ചു.മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നേതാക്കൾ നടത്തുന്ന നീക്കം ഗുണം ചെയ്യില്ലെന്ന് പിജെ കുര്യനും ബെന്നി ബഹനാനും തുറന്നടിച്ചു

വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻ എൻ എം വിജയൻ്റെ കുടുംബത്തെ ചേർത്തുനിർത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു എന്ന വിമർശനവും യോഗത്തിൽ ഉയർന്നു. കെപിസിസി പുനഃസംഘടന അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യോഗത്തിൻ്റെ അവസാനത്തിൽ വി.ഡി സതീശൻ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പദ്ധതി വിശദീകരിച്ചതിനെ എ.പി. അനിൽകുമാർ ചോദ്യം ചെയ്തു. സതീശൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുകയാണോ എന്ന് അനിൽകുമാർ ചോദിച്ചതോടെ തനിക്ക് അഭിപ്രായം പറയാൻ അവകാശമില്ലേ എന്ന് മറുചോദ്യം ഉയർത്തിയ സതീശൻ പ്രസംഗം പൂർത്തിയാക്കാൻ തയാറായില്ല എന്നാണ് വിവരം. കാര്യങ്ങൾ തുറന്നടിക്കുന്ന കെ മുരളീധരനും വി എം സുധീരനും യോഗത്തിൽ പ്രസംഗിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.

ENGLISH SUMMARY:

Public criticism of the leaders in the KPCC political affairs committee that if there is no unity, they will have to be in the opposition for the third time