തിരുവനന്തപുരം പാറശാലയില്‍ കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗം കഴിഞ്ഞ ദിവസം കോടതി കേട്ടതിനു ശേഷമായിരുന്നു നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ മാറ്റിയത്.
ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. അമ്മാവൻ നിർമല കുമാരൻ നായർക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കുറ്റക്കാരനെന്നുള്ള കോടതി വിധി. ഒക്ടോബർ 14-ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺരാജ് മരിച്ചത്. Also Read: 'കൂടിപ്പോയാൽ 38 വയസ് വരെ ; അതു കഴിഞ്ഞ് ഞാൻ ജീവിച്ചോളാം'
ഒന്നാം പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. സ്നേഹത്തെയാണ് പ്രതി ഇല്ലാതെയാക്കിയതെന്നും ചെകുത്താന്‍റെ മനസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ പ്രതി വകവരുത്തിയത്. ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. അപൂർവങ്ങളിൽ അപൂർവമായുള്ള കുറ്റമായി കാണണമെന്നും വാദിക്കുന്നു. എന്നാൽ കോടതി അങ്ങനെ വിലയിരുത്തുമോയെന്നതിൽ നിയമ വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായമുണ്ട്. കഷായത്തിൽ കളനാശിനി കലർത്തിക്കൊന്ന രീതി അപൂർവമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നൽകാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങൾ മാത്രം കോടതി പരിഗണിച്ചാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ. Read More: 'ഗ്രീഷ്മ ചതിച്ചു;ഞാന്‍ മരിച്ചുപോകും'; അന്ന് ഷാരോണ്‍ കരഞ്ഞു
എന്നാൽ 24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കിൽ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്. ഇരട്ട ജീവപര്യന്തത്തിന്റെ സാധ്യതയാണ് പിന്നീടുള്ളത്. 4 കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ തെളിഞ്ഞിരിക്കുന്നത് . കൊലപാതകം , കൊല്ലാനായി തട്ടിക്കൊണ്ടുപോകൽ , വിഷം കൊടുക്കൽ , കുറ്റകൃത്യം മറച്ചു വെക്കൽ. ഇതിൽ കൊലപാതകത്തിനും(IPC 302) കൊല്ലാനായി തട്ടിക്കൊണ്ടു പോകലിനും(IPC 364) ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. രണ്ട് കുറ്റത്തിനും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന് വിധിച്ചാൽ ഗ്രീഷ്മയെ കാത്തിരിക്കുന്നത് ഇരട്ട ജീവപര്യന്തമാവും. ഇതിനുള്ള സാധ്യതയാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ പ്രതിഭാഗത്തിന്റെ ഏതെങ്കിലും വാദം കോടതി മുഖവിലക്കെടുത്താൽ ശിക്ഷ വീണ്ടും കുറഞ്ഞേക്കാം. കൊലക്കുറ്റത്തിന് മാത്രം ജീവപര്യന്തവും തട്ടിക്കൊണ്ടു പോകലിനും വിഷം നൽകിയതിനും പത്ത് വർഷം തടവും വിധിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ജീവപര്യന്തത്തിൽ ശിക്ഷ ഒതുങ്ങും.