സിദ്ധിക്ക് - ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തർ’ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരനാക്കിയ തെന്നിന്ത്യന്‍ നടൻ വിജയ രംഗരാജു (70) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്.
ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ അഡ്മിറ്റായിരിക്കേയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം.
മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമാ ലോകത്തെത്തുന്നത്. യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായി. തെലുങ്ക്, മലയാളം സിനിമകളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ രംഗരാജു ബോഡി ബിൽഡിങ്, ഭാരോദ്വഹനം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.