greeshma-prosecution

കഷായത്തിൽ കളനാശിനി കടത്തി ഷാരോൺ രാജിനെ കൊന്ന ഗ്രീഷ്മയ്ക്കുള്ള ശിക്ഷയെന്തെന്ന് അല്‍പസമയത്തിനകം അറിയാം. അതിനിടെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം ശിക്ഷ കേള്‍ക്കാനായി കോടതിയിലെത്തുമെന്നും ഷിമോണ്‍  പറയുന്നു. ഇന്ന് കോടതിയിലെ ആദ്യത്തെ കേസായിത്തന്നെയാണ് ഷാരോണ്‍ വധക്കേസ് പരിഗണിക്കുക.  

പ്രോസിക്യൂഷന്‍വാദങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും ഷാരോണിന്റെ കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റേയും വാദമുഖങ്ങള്‍ പൂര്‍ത്തിയായിരുന്നു. സമൂഹമനസാക്ഷിക്ക് ഒന്നാകെ വേദന സൃഷ്ടിച്ച ഈ സംഭവത്തില്‍ പ്രതിക്ക് അല്‍പം പോലും മനസ്താപമില്ലെന്നും ചെകുത്താന്റെ ചിന്തയുള്ള പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നത്. 

വധശിക്ഷ മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷകൾക്ക് സാധ്യതയുണ്ടെന്നാണ് നിയമ ലോകം വിലയിരുത്തുന്നത്. വധശിക്ഷ എങ്കിൽ കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് ആവും ഗ്രീഷ്മ സൃഷ്ടിക്കുക. കേരളത്തിൽ വളരെ അപൂർവമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വധശിക്ഷ വിധിച്ചാൽ ഗ്രീഷ്മ ആ കൂട്ടത്തിലെ രണ്ടാം സ്ഥാനക്കാരിയാവും.