കോവി‍ഡ് കാലത്തെ പി.പി.ഇ കിറ്റ് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ സി.എ.ജി റിപ്പോർട്ടിലൂടെ പുറത്ത്. 2020 മാർച്ച് 28ന് ഒരു കമ്പനിയിൽ 550 രൂപയ്ക്ക് കിറ്റ് വാങ്ങിയിരിക്കെ, രണ്ടുദിവസം കഴിഞ്ഞ് മാർച്ച് 30ന് മറ്റൊരു കമ്പനിയിൽ നിന്ന് 1,550 രൂപയുടെ കിറ്റ് വാങ്ങിക്കൂട്ടിയെന്ന് നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു. കിറ്റ് ക്രമക്കേടിൽ സർക്കാരിന് 10.23 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. തകർന്നത് സർക്കാർ കെട്ടിപ്പൊക്കിയ പി.ആർ. ഇമേജ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി . 

വിദേശ രാജ്യങ്ങളിൽ നിന്ന് വരെ പി.പി.ഇ കിറ്റിനായി കേരളത്തെ സമീപിച്ചുവെന്നാണ് അന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞതെങ്കിലും കാര്യങ്ങൾ വെടിപ്പല്ലെന്നാണ് സി.എ.ജി കണ്ടെത്തൽ. കരുതലിന്റെ കാവലാളായി സ്വയം അവതരിപ്പിച്ച് സർക്കാരിന്റെ വെട്ടിപ്പാണ് അഞ്ചു വർഷത്തിന് ശേഷം പുറത്തുവരുന്നത്. കുറഞ്ഞ നിരക്കിൽ കിറ്റ് നൽകാൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരിക്കെ അവരെ ഒഴിവാക്കി മൂന്നരിട്ടി വിലയ്ക്ക്  കിറ്റ് വാങ്ങിയ സർക്കാർ നടപടിയാണ് കണക്കുകൾ നിരത്തി സി.എ.ജി പുറത്തുവിട്ടിരിക്കുന്നത്. 545 രൂപയാണ് ഒരു പി.പി.ഇ കിറ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക്. 

മാർച്ച് 28ന് 550 രൂപയ്ക്ക് പി.പി.ഇ കിറ്റ് നൽകാൻ തയാറാണെന്ന് അറിയിച്ച് അനിത ടെക്സകോട്ട് എന്ന കമ്പനി മുന്നോട്ടുവന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ ഇവർക്ക് 25000 കിറ്റുകളുടെ ഓർഡറും നൽകി. എന്നാൽ, പെട്ടെന്ന് 15000 ഓർഡർ പിൻവലിച്ച സാൻഫാർമ എന്ന മറ്റൊരു കമ്പനിക്ക് ഓർഡർ നൽകിയതായി സി.എ.ജി കണ്ടെത്തി. ഈകമ്പനിയോടുള്ള സ്നേഹം പരിശോധിച്ച സി.എ.ജി ഞെട്ടിപ്പോയി. അവർ ഒരു കിറ്റിന് നൽകിയ തുക 1550 രൂപ. രണ്ടുദിവസം കൊണ്ട് ഒരു കിറ്റിന് അധികം നൽകിയത് ആയിരം രൂപ. ഇന്നോവ് കോഷ്യന്റ് എന്ന കമ്പനിയിൽ നിന്ന് കിറ്റ് വാങ്ങിയതും 1550 രൂപയ്ക്ക് തന്നെ. 

ഓർഡറുകൾ 30 ദിവസത്തിന് ശേഷം വിതരണം ചെയ്തിട്ടും കമ്പനികൾക്കെതിരെ നടപടിയെടുത്തില്ലെന്നും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിന് മുൻകൂർ തുക നൽകിയെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കപ്പെട്ടെന്നും മുഖ്യമന്ത്രിയും കെ.കെ.ശൈലജയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, നിയമപോരാട്ടം തുടരുമെന്നും അറിയിച്ചു. 

സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോപണങ്ങള്‍ മുന്‍പും പലതവണ പ്രതിപക്ഷം ഉന്നയിച്ചതാണ്. അന്ന് മറുപടി പറഞ്ഞതാണ്. പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവന്നത്. ഒരു കമ്പനിയുടെ കൈവശംമാത്രമാണ് കിറ്റ് ഉണ്ടായിരുന്നത്. 15,000 കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. 

ENGLISH SUMMARY:

The CAG report reveals irregularities in PPE kit procurement during COVID-19, causing a ₹10.23 crore loss to the government. PPE kits were purchased at inflated rates, with prices increasing by ₹1,000 within two days.