എന്തൊക്കെ വിഷം നല്‍കാമെന്നതായിരുന്നു പാറശാല ഷാരോണ്‍വധക്കേസിലെ പ്രതി ഗ്രീഷ്മ ഏറ്റവും കൂടുതലായി ഗൂഗിളില്‍ തിരഞ്ഞത്. വേര്‍പിരിയാമെന്ന് ഒന്നിലധികം തവണ ഗ്രീഷ്മ പറഞ്ഞെങ്കിലും ആ സ്നേഹം കൈവിടാന്‍ തയ്യാറാകാതിരുന്നതാണ് ഷാരോണിനെ മരണത്തിലെത്തിച്ചത്. പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ശേഷവും പുറത്തുവരുന്ന വിവരങ്ങള്‍ അങ്ങേയറ്റം ഞെട്ടലുളവാക്കുന്നവയാണ്. ഗ്രീഷ്മയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് ‘വിഷ ഗവേഷണം’ എത്രത്തോളം ആഴമുള്ളതായിരുന്നെന്ന് അന്വേഷണസംഘം പോലും തിരിച്ചറിഞ്ഞത്.
മെല്ലെ മെല്ലെ വിഷം നല്‍കി പയ്യെപയ്യെ കൊല്ലുക എന്നതായിരുന്നു ഗ്രീഷ്മയുടെ ആദ്യപദ്ധതി. അതിനായി കുറയെധികം ഗുളികകള്‍ സംഘടിപ്പിച്ചു. ഗ്രീഷ്മയുടെ കോളജിലെ ശുചിമുറിയില്‍ നിന്നും വെള്ളമെടുത്ത്, ഗുളികകള്‍ പൊടിച്ചുകലക്കി ഒരു കുപ്പിയില്‍ സൂക്ഷിച്ചു. ശേഷം ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി, തിരുവിതാംകോട് അരപ്പള്ളിക്കു സമീപത്തെ കടയില്‍ നിന്ന് രണ്ട് കുപ്പി ജ്യൂസ് വാങ്ങിച്ച ശേഷം ഷാരോണിന്റെ കോളജിലേക്ക് ഇരുവരും പോയി. കോളജ് റിസപ്ഷനു സമീപത്തെ ശുചിമുറിയില്‍ പോയി ഒരു ജ്യൂസ് ബോട്ടിലില്‍ ഗുളിക മിശ്രിതം കലര്‍ത്തി. പുറത്തിറങ്ങി അക്കാലത്ത് വൈറലായ ജ്യൂസ് ചലഞ്ച് നടത്തി. ഒരു കുപ്പി ജ്യൂസ് ഒറ്റയടിക്കു കുടിക്കുന്നതായിരുന്നു ചലഞ്ച്. ഗുളിക കലക്കിയ ജ്യൂസ് കുടിച്ചു തുടങ്ങിയതോടെ തന്നെ ഷാരോണ്‍ തുപ്പിക്കളഞ്ഞു, പഴകിയതാകുമെന്ന് പറഞ്ഞ് ആ പദ്ധതി നൈസായി വിട്ടു. തുടര്‍ന്ന് രണ്ടാമത്തെ കുപ്പി ജ്യൂസ് ഇരുവരും ചേര്‍ന്നുകുടിച്ചു.
അടുത്ത വിഷ പരീക്ഷണം അധികം വൈകാതെ തുടങ്ങി. പ്രത്യേക തരം രാസവസ്തു ശരീരത്തിലെത്തിയാല്‍ ആന്തരാവയവങ്ങള്‍ തകരുകയും സാവധാനം മരിക്കുകയും ചെയ്യുമെന്ന് മനസിലാക്കി. ആ രാസവസ്തു അടങ്ങിയ കീടനാശിനികള്‍ ഏതൊക്കെയെന്ന് തിരഞ്ഞപ്പോഴാണ് വീട്ടില്‍ അമ്മാവന്‍ കൃഷിക്കായി ഉപയോഗിക്കുന്ന കളനാശിനി അത്തരത്തിലുള്ളതാണെന്ന് ഗ്രീഷ്മ മനസിലാക്കിയത്.
കളനാശിനിയുെട തീവ്രരുചി അറിയാെത എങ്ങനെ ആ കളനാശിനി ഷാരോണിനെ കുടിപ്പിക്കാമെന്നതായിരുന്നു അടുത്ത ചിന്ത. അതിനായി അമ്മ പൂവാറിലെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നു വാങ്ങിയ കഷായക്കൂട്ട് മതിയെന്ന് കണക്കാക്കി, ചൂടാക്കിയ വെള്ളം ചേര്‍ത്ത് കഷായപ്പൊടി തിളപ്പിച്ച ശേഷം അതില്‍ കുറച്ചെടുത്ത് കളനാശിനി കലര്‍ത്തി കുപ്പിയിലാക്കി വച്ചു. കുറച്ച് കഷായം വിഷം ചേര്‍ക്കാതെയും മാറ്റിവച്ചു.