കൊച്ചി കുസാറ്റ് ക്യാംപസിൽ ആഢംബര കാർ കത്തി നശിച്ചു. സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിന് സമീപം നിർത്തിയിട്ടിരുന്ന കാറാണ് കത്തിയത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി മാറിയതിനാൽ വൻ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടു കൂടിയാണ് 75 ലക്ഷത്തോളം രൂപ വില വരുന്ന ജാഗ്വാർ കാർ കത്തി നശിച്ചത്. കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് കെട്ടിടത്തിന് മുന്നിൽ വച്ച് ഓഫ് ആയി. ഇതോടെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങി ബോണറ്റ് പൊക്കി നോക്കിയപ്പോൾ പുകയുയരുന്നത് കണ്ട് ഓടി മാറി.
പെട്ടെന്ന് തന്നെ തീ പടരുകയും ചെയ്തു. സമീപത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൃക്കാക്കരയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. പാലക്കാട്ടുകാരൻ സാദിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.