കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഹാമാരിയുടെ രണ്ടുഘട്ടങ്ങളെ കേരളം അതിജീവിച്ചു. ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ലെന്നും വെന്‍റിലേറ്റര്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രണ്ടിരട്ടി കൂടിയ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
2020 മാർച്ച് 28ന് 550 രൂപയ്ക്ക് പി.പി.ഇ കിറ്റ് നൽകാൻ തയാറാണെന്ന് അറിയിച്ച് അനിത ടെക്സകോട്ട് എന്ന കമ്പനി മുന്നോട്ടുവന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ ഇവർക്ക് 25000 കിറ്റുകളുടെ ഓർഡറും നൽകി. എന്നാൽ, പെട്ടെന്ന് 15000 ഓർഡർ പിൻവലിച്ച സാൻഫാർമ എന്ന മറ്റൊരു കമ്പനിക്ക് ഓർഡർ നൽകിയതായി സി.എ.ജി കണ്ടെത്തി. ഒരു കിറ്റിന് നൽകിയ തുക 1550 രൂപ. രണ്ടുദിവസം കൊണ്ട് ഒരു കിറ്റിന് അധികം നൽകിയത് ആയിരം രൂപ. ഇന്നോവ് കോഷ്യന്റ് എന്ന കമ്പനിയിൽ നിന്ന് കിറ്റ് വാങ്ങിയതും 1550 രൂപയ്ക്ക് തന്നെ.ഓർഡറുകൾ 30 ദിവസത്തിന് ശേഷം വിതരണം ചെയ്തിട്ടും കമ്പനികൾക്കെതിരെ നടപടിയെടുത്തില്ലെന്നും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിന് മുൻകൂർ തുക നൽകിയെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്.