ആരോഗ്യമേഖലയെ കരിവാരിത്തേയ്ക്കാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്‍റെ കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. കുത്തഴിഞ്ഞ നിലയിലായിരുന്ന ആരോഗ്യരംഗത്തെ ആര്‍ദ്രം മിഷനിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെടുത്തതെന്നും മുഖ്യമന്ത്രി സഭയില്‍ അവകാശപ്പെട്ടു. ആരോഗ്യരംഗത്തെ ബജറ്റുവിഹിതം മൂന്നിരട്ടിയായി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. സിഎജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളി. എന്നാല്‍ പിപിഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഇന്ന് നിയമ സഭയില്‍ വെച്ച രേഖകള്‍ പരിശോധിക്കാമെന്നും സര്‍ക്കാരിന് ഒന്നും മറക്കാനില്ലെന്നും മുഖ്യമന്ത്രിക്ക് പറയേണ്ടിയും വന്നു.
സിഎജി യാന്ത്രികമായി അക്കങ്ങള്‍ കൂട്ടിനോക്കിയാല്‍ കോവിഡ് കാലത്തെ സാഹചര്യം മനസിലാകുമോ എന്നു ചോദിച്ചുകൊണ്ടാണ് ഉയര്‍ന്ന വിലക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ പിപിഇ കിറ്റ് വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഒാര്‍ഡര്‍ നല്‍കിയ കമ്പനി പകുതിയെണ്ണം മാത്രം നല്‍കിയപ്പോഴാണ് മറ്റൊരു കമ്പനിക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇനിയെല്ലാം നിയമസഭയുടെ പബ്ളിക്ക് അക്കൗണ്ടസ് കമ്മറ്റി പരിശോധിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഉയര്‍ന്നവിലക്ക് പിപിഇ കിറ്റ് വാങ്ങിയ നടപടികളുടെ കൂടുതല്‍രേഖകള്‍ പ്രതിപക്ഷനേതാവ് നിയമസഭയില്‍വെച്ചു. ഒരേദിവസം രണ്ടു മണിക്കൂറിന്‍റെ ഇടവേളയിലാണ് 550 രൂപക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് പറഞ്ഞ അനിത ടെക്സിക്കോട്ട് എന്ന കമ്പനിയെ ഒഴിവാക്കി 1550 രൂപക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങാനുള്ള തീരുമാനം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍കൈക്കൊണ്ടത്. 1550 രൂപക്ക് കിറ്റ് നല്‍കിയ സാന്‍ ഫാര്‍മയെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഈ ആരോപണം മുഖ്യമന്ത്രി തള്ളിയില്ല. പരിശോധിക്കാം എന്നായിരുന്നു മറുപടി . അരമണിക്കൂറോളം പിപിഇ കിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി സംസാരിച്ചെങ്കിലും മുന്‍ആരോഗ്യമന്ത്രി കെ. കെ.ശൈലജയുടെ പേര് പരാമര്‍ശിച്ചില്ല.
സംസ്ഥാനത്തെ ആരോഗ്യരംഗം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോഗ്യമന്ത്രിയും സഭയില്‍ അവകാശപ്പെട്ടത്. പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന സിഎജി റിപ്പോര്‍ട്ടും മന്ത്രി വീണാ ജോര്‍ജ് തള്ളി. മഹാമാരിയുടെ രണ്ടുഘട്ടങ്ങളെ കേരളം അതിജീവിച്ചു. ഒരു മൃതദേഹവും ഇവിടെ ഒഴുകി നടന്നിട്ടില്ലെന്നും വെന്‍റിലേറ്റര്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടിരട്ടി കൂടിയ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് അഴിമതിയെന്നായിരുന്നു.