വധശ്രമ കേസിൽ റിമാൻഡിൽ തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചത് എന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം, മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഷഹിന്‍ ഷായെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഷഹിന്‍ ഷാ പിടിയിലായത്. കോളജിന്‍റെ പരിസരത്ത് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ഏപ്രിൽ 19 നായിരുന്നു സംഭവം. തുടര്‍ന്ന് 10 മാസമായി ഒളിവിലായിരുന്ന യുവാവിനെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് മണവാളന്‍ പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചിരുന്നു.
'ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും' എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്. സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീല്‍സ് പ്രകടനം. പൊലീസ് വിലക്കിയിട്ടും വിഡിയൊ ചിത്രീകരണം തുടര്‍ന്നു. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തത്. നേരത്തെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിരുന്നതാണ് സഞ്ജയ്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. റിമാൻഡിലായ യൂ ട്യുബര്‍ മണവാളന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ ജയിൽ കവാടത്തിലെ റീൽ പൊലീസ് കോടതിയില്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. തൃശൂർ എരനെല്ലൂർ സ്വദേശിയാണ് മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷ.