b-unnikrishnan-against-hema

നിര്‍മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയതിനാല്‍ സിനിമയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്ര ആരോപിച്ചിരുന്നു.  നിര്‍മാതാവ് ആന്‍റോ ജോസഫ് കേസില്‍ രണ്ടാം പ്രതിയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

തൊഴിലിടത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, അതിനെതിരെ പ്രതികരിക്കുമ്പോള്‍ പുറത്താക്കപ്പെടുക, പുറത്താക്കിക്കഴിയുമ്പോള്‍ പിന്നെ കേസ്, കോടതി ഇങ്ങനെ മുന്നോട്ട് പോകേണ്ടി വരിക എന്നതൊക്കെ മാനസികമായി അത്ര സുഖമുള്ള കാര്യമല്ലെന്ന് സാന്ദ്ര തോമസ് മനോരമന്യൂസിനോട് പറഞ്ഞു. സംഘടിതരായി നിന്ന് ആക്രമിക്കുമ്പോള്‍ അതിനെ ചെറുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് താനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദരാക്കപ്പെട്ട സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് തന്‍റെ പ്രതികരണമെന്നും സാന്ദ്ര പറഞ്ഞു.

'ഇനി സിനിമ ചെയ്യേണ്ടേ' എന്നാണ് സിനിമ ഫീല്‍ഡില്‍ നിന്നുള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ചോദിക്കുന്നത്. ഇനി സിനിമ ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അതിനര്‍ഥം. ഈ കാലഘട്ടത്തില്‍ അങ്ങനെ സാധ്യമാവില്ല, നീതി ലഭിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഉപജീവനമാര്‍ഗം നിലയ്ക്കുമോയെന്ന ഭീതിയില്‍ പീഡനം സഹിക്കുന്നവരുണ്ടെന്നും പതിറ്റാണ്ടോളം ഇത് സഹിച്ച് ഗതികെട്ടിട്ടാണ് ഒടുവില്‍ പരാതി നല്‍കേണ്ടി വന്നതെന്നും സാന്ദ്ര വിശദീകരിച്ചു. 

ENGLISH SUMMARY:

A case has been filed against director B. Unnikrishnan following a complaint by producer Sandra Thomas. The complaint alleges public humiliation, leading the police to register a case. Sandra accused that she was removed from the film because she had given a statement before the Hema Committee