പ്രതീകാത്മക ചിത്രം

വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് രാവിലെ കാപ്പികുരു പറിക്കാന്‍ പോയപ്പോള്‍ കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. കാടിനുള്ളില്‍ നിന്നുമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വനത്തോട് ചേര്‍ന്ന പ്രദേശത്ത് പതിവായി കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാധയെ ആക്രമിച്ച് കൊന്ന കടുവ കാടുകയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രതവേണമെന്നും വനംവകുപ്പ് അറിയിച്ചു. 

വനത്തിനടുത്തേക്ക് കുറച്ച് ദൂരം രാധയെ ഭര്‍ത്താവ് കൊണ്ടുവിട്ടുവെന്നും പിന്നീട് ഇവര്‍ തനിച്ച് പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. തലയടക്കം വേര്‍പെട്ട നിലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ എത്തിച്ചു. വന്‍പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞു.  കടുവ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്‍റെ പ്രതികരണം. അതേസമയം, സംസ്ഥാനത്തിന് മാത്രമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. 

വയനാട് വന്യജീവി ആക്രമണത്തില്‍ ഒരു മാസത്തിനിടെ ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലുപേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്. മലപ്പുറത്ത് രണ്ട് ആദിവാസികളും ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു. വയനാട്ടിലും ആദിവാസി യുവാക്കളിലൊരാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. 

ENGLISH SUMMARY:

Woman was killed in a tiger attack while plucking coffee berries in Mananthavady, Wayanad. The area, near Priyadarshini Estate, is known for frequent tiger sightings.