വന്യമൃഗ ആക്രമണങ്ങളില്‍ ജനരോഷം തണുപ്പിക്കാന്‍ വനംമന്ത്രിയും വകുപ്പും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ല. വന്‍ ജനരോഷമുയര്‍ന്ന സ്ഥലങ്ങളിലെ വാഗ്ദാനങ്ങളും നിലവിലെ സ്ഥിതിയും പരിശോധിക്കാം.
വയനാട് വാകേരിയില്‍ കടുവ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ചുകൊന്നപ്പോള്‍ വനംമന്ത്രി പറഞ്ഞത്. ജനങ്ങളുടെ സുരക്ഷയ്ക്കായി വാഗ്ദാനംചെയ്ത ഫെന്‍സിങ് നിര്‍മാണം എങ്ങുമെത്തിയില്ല. വയനാട് പടമലയില്‍ ബേലൂര്‍ മഖ്നയെ കണ്ട് ഭയന്നോടിയ അജീഷിനെ പിന്തുടര്‍ന്ന് ചവിട്ടിക്കൊന്നതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. പത്തുമാസം പിന്നിടുമ്പോഴും മേഖലയില്‍ ഫെന്‍സിങ് വാഗ്ദാനം മാത്രം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ കാട്ടാനകളെത്തി.
പാക്കത്ത് വനംവകുപ്പ് വാച്ചര്‍ പോള്‍ മരിച്ചപ്പോള്‍ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയായിരുന്നു വാഗ്ദാനം. പരിശോധന ശക്തമാക്കുമെന്നതും വാക്കുകളിലൊതുങ്ങി. ബത്തേരി മാറോട് ഊരിലെ രാജുവിനെ ആന ചവിട്ടി കൊന്ന ഭാഗത്ത് ഇതു വരേ റോഡ് നിർമിച്ചില്ല. ഇടുക്കി കാഞ്ഞിരംവേലിയില്‍ കാട്ടാനയാക്രമണത്തില്‍ എഴുപതുകാരി ഇന്ദിരയുടെ മരണത്തിനുപിന്നാലെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
മേഖലയിൽ ഫെൻസിങ്ങും വഴി വിളക്കുകളും സ്ഥാപിക്കുമെന്ന് സര്‍വകക്ഷിയോഗത്തില്‍ നല്‍കിയ ഉറപ്പും പാഴായി. ചിന്നക്കനാലിൽ വർഷങ്ങളായി ഫെൻസിങ് സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രത്യേക ആര്‍ആര്‍ടിയെ നിയമിച്ചെന്ന് പറയുന്നുണ്ടെങ്കിലും സേവനം പേരിന് മാത്രം., കാന്തല്ലൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ തുടങ്ങിയ ദൗത്യം പാതിവഴിയിൽ മുടങ്ങി.