ആലുവയിൽ അനധികൃത ഭൂമി സ്വന്തമാക്കിയെന്ന പി.വി.അൻവറിന് എതിരായ പരാതിയിൽ വിജിലൻസ് പരിശോധന. എടത്തല പഞ്ചായത്ത് ഓഫീസിലും അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിലുമാണ് പരിശോധന നടത്തിയത്. കെട്ടിട നിർമ്മാണത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകിയിരുന്നു. 

ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട പാട്ടാവകാശം മാത്രമുള്ള 11.43 ഏക്കർ സ്ഥലം നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കി എന്നായിരുന്നു പി വി അൻവറിനെതിരായ പരാതി. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് വിവാദ സ്ഥലത്തിന്റെ വിവരങ്ങൾ എടത്തല പഞ്ചായത്ത് അധികൃതരിൽ നിന്ന് തേടിയിരുന്നു. സ്ഥലത്തു കെട്ടിടം നിർമ്മാണത്തിന് അനുമതി ഇല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ നൽകിയത്. 

പിന്നാലെയാണ് വിജിലൻസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേരിട്ടുള്ള പരിശോധന. എടത്തല പഞ്ചായത്ത് ഓഫിസിൽ എത്തിയ സംഘം കെട്ടിടത്തിന് അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ രേഖകളും പരിശോധിച്ചു. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരിൽ നിന്നും വിവരങ്ങളും ശേഖരിച്ചു. തുടർന്നാണ് കെട്ടിട നിർമ്മാണം നടക്കുന്ന വിവാദ സ്ഥലവും സന്ദർശിച്ചത്. റവന്യൂ റിക്കവറി വിഭാഗത്തിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന.

ആലുവയിൽ നാവികസേനാ ആയുധ സംഭരണ ശാലയ്ക്ക് സമീപമാണ് ഏഴ് നിലകളിലുള്ള കെട്ടിടം ആഡംബര ഹോട്ടലിനായി പണിതത്. ഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ നിന്ന് ലേലത്തിലാണ് അൻവർ ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് ഇന്ത്യ പാട്ടവകാശം നേടിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് തീരുമാനമെടുക്കും.

ENGLISH SUMMARY:

Vigilance inspection on a complaint against PV Anwar for illegally acquiring land in Aluva. Inspection was conducted at the Edathala Panchayat office and an illegally constructed building. The Panchayat had replied to Vigilance the other day that there was no permission for the construction of the building.