യുവമോര്‍ച്ച നേതാവിനെ ജില്ലാ പ്രസിഡന്‍റാക്കാനുള്ള നീക്കത്തില്‍ പാലക്കാട്ടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ നാളെ ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് നിലപാട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെയുണ്ടായ ബി.ജെ.പിയിലെ കലഹം പാരമ്യത്തിലേക്ക് എത്തുകയാണ്. സി.കൃഷ്ണകുമാര്‍ പക്ഷക്കാരനായ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ മാനദണ്ഡജം മറികടന്ന് ബി.ജെ.പി പാലക്കാട് ഈസ്റ്റ് പ്രസിഡന്‍റാക്കാന്‍ നീക്കം തുടങ്ങിയതിലാണ് പരസ്യ പ്രതിഷേധം. പട്ടികയില്‍പ്പെടാത്ത നേതാവിനെ വ്യക്തി താല്‍പര്യം കൊണ്ട് മാത്രം തിരുകിക്കയറ്റാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് കാട്ടിയാണ് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗം ചേര്‍ന്നത്. എന്‍.ശിവരാജന്‍, ഇ.കൃഷ്ണദാസ്, പ്രമീള ശശിധരന്‍ തുടങ്ങിയ കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെ പ്രധാന നേതാക്കളും പങ്കെടുത്തു. രാജിവയ്ക്കുമെന്ന മുന്നറിയിപ്പ് നേതൃത്വത്തെ അറിയിച്ചെങ്കിലും പിന്നീട് പറയാമെന്നായിരുന്നു യോഗത്തിന് ശേഷമുള്ള നേതാക്കളുടെ പ്രതികരണം.
ആരും പരാതി അറിയിച്ചിട്ടില്ലെന്നും ഭിന്നതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്. കലഹിച്ച് നില്‍ക്കുന്ന കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തിയതായി സന്ദീപ് വാരിയര്‍. ഭിന്നതയുള്ള കൗണ്‍സിലര്‍മാര്‍ രാജിവച്ചാല്‍ പാലക്കാട് നഗരസഭ ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെടും.