റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാലും ആരുടെയും അർഹതപ്പെട്ട റേഷൻ നഷ്ടമാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മനോരമന്യൂസിനോട്. അതേസമയം, റേഷൻ വ്യാപാരികളെ നേരിടാൻ ഭക്ഷ്യകമ്മിഷൻ രംഗത്തിറങ്ങി.
റേഷൻ വ്യാപാരികൾ നാളെ മുതൽ റേഷൻകടകൾ അടച്ചിട്ടുള്ള പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് ഈ ഉറപ്പെങ്കിലും സമരം നീണ്ടാൽ കാര്യങ്ങൾ അവതാളത്തിലാകും. ആകെയുള്ള 94 ലക്ഷം കാർഡുടമകളിൽ ഇന്നലെ വരെ 61 ലക്ഷം പേർ റേഷൻ വാങ്ങി. പ്രതിമാസം ശരാശരി 78 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങുന്നത്. അവശേഷിക്കുന്നവർ ആശങ്കപ്പെടേണ്ടെന്നാണ് മന്ത്രിയുടെ ഉറപ്പ്.
വ്യാപാരികൾ ആവശ്യപ്പെടുന്ന വേതന വർധന ഇപ്പോൾ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നടപടിയെടുക്കാനാണ് ഭക്ഷ്യകമ്മിഷന്റെ നീക്കം. ഉപഭോക്താക്കൾക്കുള്ള റേഷൻ വിതരണം തടസപ്പെട്ടാൽ കുറ്റക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് ആലോചന.