ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് കേരളത്തിന്‍റെ ഒരേയൊരു രാജാവും ഭാര്യയും. മന്നാന്‍ സമുദായത്തിലെ രാജാവായ രാമന്‍ രാജമന്നാന് എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ഗോത്ര രാജാവിന് ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നത്. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവാണ് ക്ഷണക്കത്ത് രാമന്‍ രാജമന്നാന് കൈമാറിയത്. മന്ത്രി സമൂഹമാധ്യമത്തില്‍ ചിത്രങ്ങളടക്കം ഇതേക്കുറിച്ചൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.
ഭാര്യ ബിനുമോള്‍ക്കൊപ്പമാണ് രാമന്‍ രാജമന്നാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. കേരളത്തില്‍ നിലവില്‍ അധികാരത്തിലുള്ള ഒരേയൊരു രാജാവാണ് രാമന്‍ രാജമന്നാന്‍. ബുധനാഴ്ച തന്നെ അദ്ദേഹം ഭാര്യയ്ക്കൊപ്പം ഡല്‍ഹിയിലെത്തി. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ശേഷം ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിനായിരിക്കും ഇരുവരും മടങ്ങിയെത്തുക.
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുമ്പോള്‍ രണ്ട് മന്ത്രിമാരും അനുയായികളും രാജാവിനെ അകമ്പടി സേവിക്കും. തലപ്പാവും പരമ്പരാഗത വസ്ത്രവും ധരിച്ചാകും അദ്ദേഹം ചടങ്ങിലിടനീളം പങ്കെടുക്കുക. മുന്നോറോളം മന്നാന്‍ കുടുംബങ്ങളുടെ നേതാവാണ് രാമന്‍ രാജമന്നാന്‍. ഇടുക്കിയില്‍ നാല്‍പത്തിയെട്ടിടങ്ങളിലായാണ് മന്നാന്‍ സമുദായക്കാര്‍ ജീവിക്കുന്നത്. സമുദായപരമായ ചടങ്ങുകളിലും നാട്ടിലെ പ്രധാന പരിപാടികളിലും രാജാവിന് ക്ഷണമുണ്ടാകും.
2012ലാണ് രാമന്‍ രാജമന്നാന്‍ രാജാവായി അധികാരമേറ്റത്. ആര്യന്‍ രാജമന്നാന്‍റെ മരണത്തോടെയായിരുന്നു ഇത്. എക്കണോമിക്സ് ബിരുദധാരിയായ രാമന്‍ രാജമന്നാന്‍ രാജവായി അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്. രാജാവ് എന്ന് പറയുമ്പോഴും അദ്ദേഹത്തിന് കൊട്ടാരവും പല്ലക്കുമടക്കമുള്ള രാജകീയ സുഖസൗകര്യങ്ങളില്ല. സാധാരണ ഒരു കൃഷിക്കാരനായി ജീവിതം മുന്നോട്ടുനയിക്കുകയാണ് അദ്ദേഹം.
ചെറിയ ഒരു വീടും തൊട്ടടുത്തുള്ള അമ്പലത്തിലെ കാര്യങ്ങളും നോക്കി ലളിതമായ ജീവിതമാണ് രാമന്‍ രാജമന്നാന്‍ നയിക്കുന്നത്. പൗരാവകാശങ്ങളെ സംബന്ധിച്ച പ്രത്യേക അധികാരങ്ങളൊന്നും രാജാവിനില്ല. സമുദായത്തലവനായി കാര്യങ്ങള്‍ നോക്കിനടത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. രാജാവിനെ സഹായിക്കാന്‍ ഉപരാജാക്കന്മാരും, ഒരു ഇളയരാജാവും, അന്‍പതംഗ മന്ത്രിസഭയുമുണ്ട്.