ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ വെട്ടിയ ഭാഗങ്ങൾ എന്നു പുറത്തുവിടുമെന്നു പറയാതെ വിവരാവകാശ കമ്മിഷൻ. കോടതി തീരുമാനങ്ങൾ വന്നശേഷം ഇക്കാര്യത്തിൽ തുടർനടപടി മതിയെന്നു വിവരാവകാശ കമ്മിഷണർ . സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടുന്നതിൽ ഡിസംബർ ഏഴിനു ഉത്തരവ് നൽകാമെന്നറിയിച്ചിട്ടും അവസാന നിമിഷം പിൻമാറുകയായിരുന്നു.
ഒരു പരാതി കൂടി കിട്ടിയെന്നു കാട്ടിയാണ് മുഖ്യ വിവരാവകാശ കമ്മിഷണർ ഹരി പി.നായർ വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കിമിൻ്റെ നിലപാടിനെ വെട്ടിയത്. പിന്നീട് ഹരി പി.നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഏകപക്ഷീയമായിട്ടായിരുന്നു തീരുമാനം. പിന്നീട് കേസിൽ ഒരു തുടർ നടപടിയും ഉണ്ടായില്ല. പരാതിയിൽ വാദം കേൾക്കുന്ന നടപടി പോലും നടന്നില്ല. ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് മുഖ്യ വിവരാവകാശ കമ്മിഷണറുടെ നിലപാട് .വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ മാധ്യമ പ്രവർത്തകർ കമ്മിഷനെ സമീപിച്ചെങ്കിലും മറുപടി ക്കാര്യം പിന്നീട് അറിയിക്കാമെന്നാണ് പറയുന്നത്.
വിവരം അവകാശമാക്കുന്നത് സംരക്ഷിക്കേണ്ട കമ്മിഷനിൽ നിന്നാണ് ഇത്തരത്തിലുള്ള മറുപടി.295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഇതോടെയാണ് പരാതിയുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചത്