വയനാട് പഞ്ചാരക്കൊല്ലിയിലെ രാധയെ കൊലപ്പെടുത്തിയ കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്ന്. രാവിലെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘം കാടു കയറും. വനാതിർത്തികൾ ആറ് സംഘങ്ങൾ കൂടി വളഞ്ഞാവും കടുവയെ തിരയുക. ഇന്നലെ താറാട്ട് വച്ച് ആർ.ആർ.ടി. അംഗമായ ജയസൂര്യയെ ആക്രമിച്ച കടുവ പഞ്ചാരക്കൊല്ലി കാടുവിട്ടിട്ടില്ലെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ദൗത്യത്തോട് അനുബന്ധിച്ച് പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മണിക്കാരംഭിച്ച കർഫ്യൂ രണ്ടുദിവസം തുടരും.
ഇന്നലെ രാവിലെ വിവിധ ടീമുകളായി തിരച്ചിലിന് ഇറങ്ങിയ ആർ.ആർ.ടി സംഘത്തിലെ ജയസൂര്യയെ പിന്നിലൂടെ എത്തിയാണ് കടുവ ആക്രമിച്ചത്. ഷിൽഡ് കൊണ്ട് പ്രതിരോധിച്ചതുകൊണ്ട് മാത്രമാണ് ജയസൂര്യ രക്ഷപ്പെട്ടത്. കടുവയുടെ നഖം കൊണ്ട് അദ്ദേഹത്തിന്‍റെ വലതു കൈയ്ക്ക് പരുക്കേറ്റു. കടുവയെ ആർ.ആർ.ടി സംഘം വെടിവച്ചെങ്കിലും രക്ഷപ്പെട്ടു.