ration-shop

റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ വർധന മാർച്ചിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിൽ റേഷൻ സമരം ഒത്തുതീർപ്പാക്കി സർക്കാർ. പരമാവധി റേഷൻകടകൾ ഇന്ന് വൈകിട്ട് മുതൽ തുറക്കുമെന്നും നാളെ മുതൽ സാധാരണനിലയിൽ പ്രവർത്തിക്കുമെന്നും  മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. വേതനവർധന സാധ്യമല്ലെന്ന നിലപാട് മാറ്റിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

 

റേഷൻ കടകൾ അടച്ചിട്ടുള്ള സമരം എട്ടുമണിക്കൂർ പിന്നിടും മുൻപ് ഒത്തുതീർപ്പിലെത്തിക്കാൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞു. മന്ത്രി ജി.ആർ.അനിലും അഞ്ച് സംഘടനാപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലായിരുന്നു തീരുമാനം. സമരത്തിന്റെ പശ്ചാത്തലത്തിൽ റേഷൻ വാങ്ങാനുള്ള സമയപരിധി നീട്ടുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സമരത്തിന്റെ പ്രധാന ആവശ്യം കമ്മിഷൻ വർധനയായിരുന്നു. അക്കാര്യം മാർച്ചിൽ വിശദമായി ചർച്ച ചെയ്യുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് സരമസമിതി നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ 14,014 റേഷൻ കടകളിൽ സർക്കാർ നിയന്ത്രണത്തിലുള്ള 225 എണ്ണം മാത്രമാണ് തുറന്നത്. ഇതിന് പിന്നാലെയായിരുന്നു അനുരഞ്ജന ചർച്ച. അതേസമയം, സമരം അവസാനിപ്പിച്ചില്ലെങ്കിൽ ഭക്ഷ്യഭദ്രതാനിയമം ഉപയോഗിച്ച് ലൈസൻസ് റദ്ദാക്കി ഇപോസ് മെഷീനുകൾ പിടിച്ചെടുക്കേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയതും വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കിയതായാണ് വിവരം. 

ENGLISH SUMMARY:

The ration strike in the state has been withdrawn. The decision was made during discussions between Minister G.R. Anil and the strike committee. Minister G.R. Anil stated that all five organizations have completely called off the strike.