വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് അരികില്‍. പിലാക്കാവ്- പഞ്ചാരക്കൊല്ലി റോഡിലെ റിജോയുടെ വീടിനോട് ചേർന്നാണ് വനംവകുപ്പ് സംഘം കടുവയുടെ മൃതദേഹം കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള വീടിന്‍റെ അരികിലായി കുട്ടികളടക്കം ഓടികളിക്കുന്ന ഭാഗത്തായിരുന്നു ജഡം കിടന്നത്. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് ടീം കടുവയെ കണ്ടിരുന്നതായും രാത്രിയായതിനാല്‍ വെടിവെച്ചില്ലെന്നും ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു.
രാത്രി 12.30 ഓടെ കടുവ പിലാക്കാവ് ഭാഗത്ത് സാന്നിധ്യം അറിയിച്ചിരുന്നു. തുടര്‍ന്ന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തിരിച്ചല്‍ നടത്തി. 2.30 ഓടെ പിലക്കാവ് മൂന്ന് റോഡില്‍ വച്ച് കടുവയെ കണ്ടെത്തി. പിലക്കാവില്‍ റോഡിന് സമീപം വീടിനടുത്തായിരുന്നു കടുവയെ കണ്ടത്. പിന്നീടങ്ങോട്ട് വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു കടുവ. ഒടുവില്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മയക്കുവെടി വച്ചെങ്കിലും ഓടിമാറിയതായി ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.
ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് നേരത്തെ മൃഗങ്ങളുമായുണ്ടായ ആക്രമണത്തിലുണ്ടായതാണെന്ന് കരുന്നതുന്നു. കടുവയുടെ ശരീരത്തില്‍ പഴക്കം ചെന്ന ഒട്ടേറെ മുറിവുകളുണ്ട്. ഏഴ് വയസോളം പ്രായമുള്ളതാണ് കടുവ. ബേസ് ക്യാംപിലെത്തിച്ച കടുവയുടെ ജഡം പ്രാഥമിക പരിശോധന നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കുപ്പാടിയിലേക്ക് കൊണ്ടുപോയി. രാധയെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.