wild-animal

TOPICS COVERED

സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി വന്യജീവിആക്രമണം.. വയനാട് കുറുക്കൻമൂലയിൽ വളർത്തു നായയെ പുള്ളിപുലി ആക്രമിച്ചു. കണ്ണൂരില്‍ വളര്‍ത്തുനായെ വന്യജീവി പിടികൂടി. കണ്ണൂർ കണിച്ചാറിൽ തേനീച്ച ആക്രമണത്തിൽ പരുക്കേറ്റ ചികിത്സയിലിരുന്ന  ഗോപാലകൃഷ്ണൻ മരിച്ചു. 

 

കണ്ണൂർ കണിച്ചാറിൽ തേനീച്ച ആക്രമണത്തിൽ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗോപാലകൃഷ്ണന്‍  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍  മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ്  വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്ന ഗോപാലകൃഷ്ണനെ കാട്ടുതേനീച്ചക്കൂട്ടം ആക്രമിച്ചത്. റോഡിലൂടെ നടന്നു പോയ മറ്റു രണ്ടുപേരെയും തേനീച്ചകൾ ആക്രമിച്ചു. ഇതിൽ ഒരാൾ പ്രാണരക്ഷാർത്ഥം ഗോപാലകൃഷ്ണന്റെ വീടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അടച്ചിരുന്നു. ഇതോടെ തേനീച്ചക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ട വയോധികന് വീട്ടിൽ കയറാനായില്ല. വയനാട് കുറുക്കന്‍മൂലയില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് രാജുവിന്റെ വീട്ടിലെത്തി പുള്ളിപുലി പട്ടിയെ ആക്രമിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ പുലി പട്ടിയെ കടിച്ചു ഓടി. വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി. കണ്ണൂർ കീഴ്പ്പള്ളി, ചതിരൂരിൽ കടുവ സാന്നിധ്യമെന്ന് സംശയം. ചുണ്ടൻതടത്തിൽ ബിനോയിയുടെ വളർത്തുനായയെ വന്യജീവി പിടികൂടി.  ഇടുക്കി വണ്ടിപ്പെരിയാർ വാളാർഡി എസ്റ്റേറ്റ് സ്വദേശി സുബ്രഹ്മണ്യന്റെ ആടിനെ പുലി പിടിച്ചു. എസ്റ്റേറ്റിനുള്ളിൽ മേയാൻ വിട്ട ആടിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയെ കണ്ടെത്താൻ മേഖലയിൽ മൂന്ന് ക്യാമറകൾ സ്ഥാപിച്ചു. മലപ്പുറം വെറ്റിലപ്പാറ  കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണതില്‍ വനം വകുപ്പ് കേസെടുത്തു. രക്ഷാപ്രവർത്തനത്തിൽ  കാലതാമസം വരുത്തിയതിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ  നിർദേശപ്രകാരം കേസെടുത്തത്. വന്യമൃഗശല്യം രൂക്ഷമായ കൊല്ലം പത്തനാപുരം കറവൂരിൽ കഴിഞ്ഞദിവസം പശുവിനെ കൊന്നത് പുലിയാണെന്ന നാട്ടുകാരുടെ ആശങ്കയില്‍  വനം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ENGLISH SUMMARY:

Wildlife attacks continue in various parts of the state today as well. In Kurukkanmoola, Wayanad, a pet dog was attacked by a leopard