കോഴിക്കോട് പാറക്കടവില്‍ വീണ്ടുമൊരു തെരുവുനായ ആക്രമണം. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് തെരുവുനായയ്ക്കു മുന്‍പില്‍പ്പെട്ട ഒരു കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതേസ്ഥലത്തു തന്നെയാണ് വീണ്ടും തെരുവുവായ ഭീഷണി നിലനില്‍ക്കുന്നത്. അന്നും പെട്ടെന്നൊരു വാന്‍ വന്നുനിന്നതായിരുന്നു കുട്ടിക്ക് രക്ഷയായത്. ഒപ്പം തന്നെ അടുത്തുള്ളൊരു സ്ത്രീയും ഓടിവന്നതോടെ തെരുവുനായ മാറിപ്പോയി. അന്ന് തെരുവുനായയ്ക്കു മുന്‍പില്‍പ്പെട്ടത് പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇന്നൊരു ആണ്‍കുട്ടിയാണെന്ന വ്യത്യാസം മാത്രം.
അതേ സ്ഥലത്താണ് ഇന്നൊരു ആണ്‍കുട്ടിയെ തെരുവുനായ ഓടിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കെയാണ് കുട്ടിയെ തെരുവുനായ ഓടിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഒരു മാനസിക ആഘാതം എത്രത്തോളമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അന്ന് ആക്രമിക്കാന്‍ ശ്രമിച്ച അതേ നായ തന്നെയാണോയെന്നതും സംശയിക്കേണ്ടിയിരിക്കുന്നു.