കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോല്‍സത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്യു നേതാക്കള്‍ അറസ്റ്റില്‍. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആലുവയില്‍നിന്നാണ് ഇവരെ പിടികൂടിയത്.
കലോല്‍സവത്തിന്റെ തൃശൂര്‍ മാളയിലെ വേദിയില്‍ എസ്.എഫ്.ഐ., കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖ് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍. പരുക്കേറ്റ കെ.എസ്.യു. പ്രവര്‍ത്തകരുമായി പോയ ആംബുലന്‍സ് കൊരട്ടിയില്‍ ആക്രമിക്കപ്പെട്ടു. ഡീ സോണ്‍ കലോല്‍സവം നിര്‍ത്തിവച്ചു.
മാള ഹോളിഗ്രേയ്സ് കോളജിലായിരുന്നു ഈ അടി. നാലു ദിവസമായി തുടരുന്ന ഡീ സോണ്‍ കലോല്‍സവം പൊരിഞ്ഞ അടിയില്‍ കലാശിച്ചു. അര്‍ധരാത്രിയോടെ നടന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ലാത്തിവീശി. ഇരുപതുപേര്‍ക്കു പരുക്കേറ്റു. എസ്.എഫ്.ഐയുടെ കേരളവര്‍മ കോളജ് യൂണിറ്റ് സെക്രട്ടറി ആഷിഖിനു കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റു. ആന്തരിക രക്തസ്രാവം മൂലം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കെ.എസ്.യു, എം.എസ്.എഫ്. അതിക്രമം നടന്നതായി എസ്.എഫ്.ഐ. ആരോപിച്ചു.
എട്ടു വര്‍ഷത്തിനു ശേഷം കാലിക്കറ്റ് സര്‍വകലാശാല യൂണിയന് കെ.എസ്.യു. പിടിച്ചെടുത്ത ശേഷം ഡീ സോണ്‍ സംഘാടനത്തില്‍ എസ്.എഫ്.ഐയ്ക്കു റോളില്ലായിരുന്നു. ഇതിന്റെ അരിശം തീര്‍ക്കാന്‍ ഡീ സോണ്‍ കലോല്‍സവം അലങ്കോലപ്പെടുത്താന്‍ എസ്.എഫ്.ഐ. ആസൂത്രിതമായി ശ്രമിച്ചെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. എസ്.എഫ്.ഐ. നേതാവിനെ വളഞ്ഞിട്ട് കമ്പി വടിക്കൊണ്ട് തലയ്ക്കടിച്ചതില്‍ പ്രതിഷേധിച്ച് കേരളവര്‍മ കോളജില്‍ കെ.എസ്.യു. കൊടിതോരണങ്ങള്‍ കൂട്ടിയിട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കത്തിച്ചു.
കെ.എസ്.യു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെ പതിനാലു പേര്‍ക്കെതിരെ മാള പൊലീസ് കേസെടുത്തു. ആംബുലന്‍സ് ആക്രമിച്ചതിന് ഡ്രൈവറുടെ മൊഴിപ്രകാരം കൊരട്ടി പൊലീസും കേസെടുത്തു.