lakshmi-hebbalkar

കേരളത്തില്‍ പുതിയ മദ്യനിര്‍മാണശാല തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് വന്‍വിവദത്തിലായിരിക്കുകയാണല്ലോ. മുന്നണിയിലോ, മന്ത്രിസഭയ്ക്ക് അകത്തോ കാര്യമായ കൂടിയാലചനയില്ലാതെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മദ്യനിര്‍മാണ ഗ്രൂപ്പിന് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് ആരോപണം.

പാലക്കാട് പ്ലാന്റിനെ എതിര്‍ക്കുന്നത് കര്‍ണാടക മദ്യലോബിയോ?

എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്  വാര്‍ത്താ സമ്മേളനത്തിലാണു പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പുതിയ മദ്യകമ്പനിയെ പ്രതിപക്ഷം, പ്രത്യേകിച്ചും കോണ്‍ഗ്രസ് എതിര്‍ക്കുന്നതു കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേണ്ടിയാണെന്നാണ് മന്ത്രിയുടെ ആരോപണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കമ്പനിയിലെ സ്പിരിറ്റിന്റെ പ്രധാന വിപണി കേരളമാണ്. കേരളത്തില്‍ തന്നെ സ്പിരിറ്റ് നിര്‍മാണം തുടങ്ങിയാല്‍ പിന്നെ കര്‍ണാടക കമ്പനികള്‍ അടങ്ങിയിരിക്കുമോയെന്ന ചോദ്യവുമായാണു രാജേഷെത്തിയത്. അതിന് സാധൂകരണത്തിനായി വാദം ഇങ്ങനെയായിരുന്നു

‘ഈ സ്പിരിറ്റ് മുഴുവനും പ്രധാനമായിട്ടും വരുന്നത് എവിടെ നിന്നാണ്?. പ്രധാനമായിട്ടും കര്‍ണാടക,മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നാണ്. മധ്യപ്രദേശില്‍ നിന്ന് ഓയാസിസ് കമ്പനി (ഇപ്പോള്‍ അനുമതി നല്‍കപ്പെട്ട കമ്പനി) 43 കമ്പനികളാണ് കേരളത്തിലേക്ക് സ്പിരിറ്റ് വിതരണം ചെയ്യുന്നത്. കേരളത്തിലേക്ക് ദശലക്ഷകണക്കിന് ലിറ്റര്‍ സ്പിരിറ്റ് കൊണ്ടുവരുന്ന ഒരു കര്‍ണാടക കമ്പനിയുണ്ട്. കമ്പനിയുടെ പേര് ഹര്‍ഷ ഷുഗേഴ്സ്.അവരുടെ വെബ് സൈറ്റിലെ വിശദാംശമാണ് ഞാന്‍ പറയുന്നത്. കമ്പനിയുടെ ചെയര്‍പേഴ്സന്റെ പേര് ലക്ഷ്മി ആര്‍ ഹെബ്ബള്‍ക്കര്‍,ചെയര്‍പേഴ്സന്റെ സ്ഥാനങ്ങള്‍ എന്തൊക്കെയാണന്നു വെബ് സൈറ്റില്‍ തന്നെ പറയുന്നുണ്ട്– എം.എല്‍.എ– ബെളഗാവി ഗ്രാമീണ്‍(ബെളഗാവി റൂറല്‍), വനിത–ശിശു വികസന വകുപ്പ് മന്ത്രി–കര്‍ണാടക, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് '. കേരളത്തിലെ വിവാദത്തിനു പിന്നില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും നേതാക്കളുമാണന്ന ആരോപണമാണു മന്ത്രി ഉയര്‍ത്തിയത്.

ആരാണീ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍?

കര്‍ണാടക രാഷ്ട്രീയത്തിലെ യുവ വനിതാ നേതാക്കളിലെ പ്രമുഖയാണു ലക്ഷ്മി ഹെബ്ബാള്‍ക്കര്‍. ബി.ജെ.പി. ശക്തി കേന്ദ്രമായ ബെളഗാവിയില്‍ നിന്നു തുടര്‍ച്ചയായി രണ്ടാം തവണയും കൈപ്പത്തി ചിഹ്നത്തില്‍  വിധാനസൗദയിലെത്തിയ മുഖം. സിദ്ധരാമയ്യ സര്‍ക്കാരിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി. ബെളഗാവി ചിക്കഹട്ടിഹള്ളിയിലെ കര്‍ഷക ലിംഗായത്ത് കുടുംബത്തില്‍ ജനിച്ച ലക്ഷ്മി രവീന്ദ്ര ഹെബ്ബാള്‍ക്കറെ വിവാഹം കഴിച്ചതോടെയാണു ലക്ഷ്മി ഹെബ്ബാള്‍ക്കറായത്. പിറകെ 2004ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നതോടെയാണു പാര്‍ട്ടിക്കുള്ളിലും പുറത്തും ശ്രദ്ധിക്കപ്പെടുന്നത്. വൈകാതെ കോണ്‍ഗ്രസ് ബെളഗാവി ജില്ലാ പ്രസിഡന്റായി. 

സാക്ഷാല്‍  മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 1924 ല്‍ ബെളഗാവിയില്‍ നടന്ന സമ്മേളനത്തിലാണ്. നൂറ്റാണ്ടു തികയുമ്പോള്‍ ഈ മണ്ണില്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തിയ ആദ്യ വനിതയാണ് ലക്ഷ്മി–2010ലാണ് ലക്ഷ്മി ഡിസിസി പ്രസിഡന്റായത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെളഗാവി റൂറലില്‍ കന്നി അങ്കത്തില്‍ കയ്പ്പു നീര്‍. 

തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെളഗാവി പാര്‍ലമെന്റ് മണ്ഡലത്തില്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റു. 19990 കള്‍ക്കുശേഷം കാവിക്കു കാര്യമായ സ്വാധീനമുള്ള മണ്ഡലം പക്ഷേ  2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ലക്ഷ്മി തിരിച്ചുപിടിച്ചു. ജാതി രാഷ്ട്രീയം നിര്‍ണായകമായ കര്‍ണാടകയില്‍ പ്രബലരായ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള തലയെടുപ്പുള്ള വനിതാ നേതാവാണിന്ന് ലക്ഷ്മി.

ആരുടേതാണു കമ്പനി?

മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുപോലെ കമ്പനി ചെയര്‍പേഴ്സന്റെ പേര് ലക്ഷ്മി  രവീന്ദ്ര ഹെബ്ബാള്‍ക്കറാണ്. അതായത് കര്‍ണാടക വനിതാ–ശിശുക്ഷേമ വകുപ്പ് മന്ത്രി തന്നെ. മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗംചിന്നരാജ് ബി.ഹട്ടിഹോളി, കര്‍ണാടക നിയമസഭയുടെ അധോസഭയായ നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമാണ് ഹട്ടിഹോളി.അതിനപ്പുറം ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ സഹോദരനുമാണ് കക്ഷി. മേഖലയിലെ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നവരില്‍ പ്രധാനി.

മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗം മൃണാല്‍ ഹെബ്ബാള്‍ക്കര്‍. ലക്ഷ്മിയുടെ മകന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെളഗാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു മൃണാല്‍. പറഞ്ഞുവരുന്നതു കമ്പനി തലപ്പത്തുള്ളവരെല്ലാം മന്ത്രിയുടെ കുടുംബവും അംഗങ്ങളും പ്രബല നേതാക്കന്‍മാരുമാണ്.

ഹര്‍ഷ ഷുഗേഴ്സ് മദ്യകമ്പനിയോ?

ബെളഗാവി ആസ്ഥാനമായി 2004 ല്‍ രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയാണു ഹര്‍ഷ ഷുഗേഴ്സ്.85 കോടി ഷെയര്‍ കാപിറ്റലും 72.784 കോടി പെയ്ഡ് അപ്പ് ക്യാപിറ്റലുമുള്ള കമ്പനിയെന്ന് കമ്പനീസ് ഓഫ് റജിസ്ട്രാറുടെ രേഖകള്‍ പറയുന്നു. ബെളഗാവി സാവന്ദില്‍ 50 ഏക്കറിലേറെ പരന്നു കിടക്കുന്ന വിശാലമായ സ്ഥലത്താണ് ഫാക്റ്ററി. 

കമ്പനി കാര്യ മന്ത്രാലയത്തിനും റജിസ്ട്രാര്‍ ഓഫ് കമ്പനീസിനും നല്‍കിയ വിവര പ്രകാരം പ്രാഥമികമായി ഹര്‍ഷ ഷുഗേഴ്സ് മദ്യനിര്‍മാണ കമ്പനിയല്ല. കരിമ്പ് അരച്ചു പഞ്ചസാരയുണ്ടാക്കുന്ന കമ്പനിയെന്നാണു വെബ്‍സൈറ്റിലും പറയുന്നുണ്ട്. ഉപോല്‍പന്നമായി  വിവിധ തരം സ്പിരിറ്റ് നിര്‍മിക്കുന്നുണ്ട്. പ്രധാന ഉല്‍പന്നം കയറ്റുമതി ഗ്രേഡിലുള്ള പഞ്ചസാരയാണെന്ന് വെബ് സൈറ്റില്‍ തുടക്കത്തില്‍ തന്നെ വിവരിക്കുന്നതു നമ്മുടെ എക്സൈസ് മന്ത്രി പക്ഷേ പറഞ്ഞിട്ടില്ല.

ഹര്‍ഷ ഷുഗേഴ്സ് മദ്യം നിര്‍മിക്കുന്നുണ്ടോ?

മദ്യനിര്‍മാണമെന്നാല്‍ ധാന്യങ്ങളോ ചെടികളോ പുളിപ്പിച്ചു വാറ്റിയെടുക്കുകയെന്നതാണല്ലോ.. ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഈഥൈയില്‍ ആല്‍ക്കഹോളെന്ന എഥനോള്‍ നിര്‍മിക്കുന്നതു പഞ്ചസാര ചണ്ടിയില്‍ നിന്നാണ്. പഞ്ചസാര നിര്‍മാണം കഴിഞ്ഞുള്ള കരിമ്പ് ചണ്ടി പുളിപ്പിച്ചെടുത്തു കൂറ്റന്‍ ബോയിലര്‍ സംവിധാനങ്ങളിലൂടെയാണു സ്പിരിറ്റ് നിര്‍മിക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചസാര ഫാക്ടറികളും മദ്യത്തിന് ആവശ്യമായ എഥനോള്‍ നിര്‍മിക്കുന്നുണ്ട്. 

പഞ്ചസാര നിര്‍മാണം കഴിഞ്ഞുണ്ടാവുന്ന കരിമ്പ് ചണ്ടി സംസ്കരിക്കാനുള്ള മാര്‍ഗമാണ്  എഥനോള്‍ നിര്‍മാണം. ഷര്‍ഷ ഷുഗേഴ്സിലും മദ്യനിര്‍മാണം നടക്കുന്നുണ്ട്.കരിമ്പിന്‍ ചണ്ടി പുളിപ്പിച്ചുണ്ടാക്കുന്ന  ന്യൂട്രല്‍ ആല്‍ക്കഹോള്‍, റക്ടിഫൈഡ് സ്പിരിറ്റ്, എഥനോള്‍ എന്നിവ പഞ്ചസാര നിര്‍മാണത്തിന്റെ പ്രധാന ഉപോല്‍പന്നമായി കമ്പനി എടുത്തു പറയുന്നുമുണ്ട്. ഇതിന്റെ പുറമെ ഇവ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദന യൂണിറ്റും സവന്ദിയിലെ ഫാക്ടറിയിലുണ്ട്. ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ പഞ്ചസാര ഫാക്ടറികളിലേതും പോലെ സ്പിരിറ്റ്, വൈദ്യുതി ഉല്‍പാദനകേന്ദ്രങ്ങളാണ് സാവന്ദിലേതും.

പ്രതികരണത്തിനു തയ്യാറാവാതെ മന്ത്രിയും മകനും

മന്ത്രിസഭാ യോഗം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി റോഡരികിലെ മരത്തിലേക്കിടിച്ചുകയറി മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കും സഹോദരന്‍ ചിന്നരാജ് ബി. ഹട്ടിഹോളിക്കും കഴിഞ്ഞ പതിനാലിനു പരുക്കേറ്റിരുന്നു. പത്തുദിവസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണു മന്ത്രി ആശുപത്രി വിട്ടത്. ബെളഗാവിയിലെ വീട്ടില്‍ വിശ്രമത്തിലാണു മന്ത്രി നിലവില്‍. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും ആരോപണത്തിനു പിന്നാലെ പ്രതികരണത്തിനായ കമ്പനി ഡയറക്ടറായ മൃണാളുമായി ബന്ധപ്പെട്ടെങ്കിലും വിശദീകരിച്ചു വിവാദത്തില്‍ ചാടാനില്ലെന്ന നിലപാടിലായിരുന്നു. ചെയര്‍പേഴ്സണ്‍ തിരികെയെത്തിയ ശേഷം പഠിച്ചിട്ടു പറയാമെന്നും പറഞ്ഞൊഴിഞ്ഞു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ എം.ബി.രാജേഷ് കര്‍ണാടകയിലെ സ്പിരിറ്റ് ലോബിയായി സംശയിക്കുന്ന കര്‍ണാടകയിലെ വനിതാമന്ത്രിക്കും കുടുംബത്തിനുമുള്ളത് മദ്യക്കമ്പനിയല്ല. പഞ്ചസാര ഫാക്റ്ററിയാണ്. എന്നാല്‍ ഫാക്റ്ററിയിലെ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന എഥനോള്‍ കേരളമടക്കമുള്ള വിപണിയിലാണ് വിറ്റഴിക്കുന്നതും.

ENGLISH SUMMARY:

Excise Minister MB Rajesh alleges Congress opposition to the new brewery in Kerala is tied to Karnataka Congress leaders' interests. Learn the facts behind the controversy and the connection to Karnataka's spirit industry.