sherin-cpm-vip
  • ഷെറിന്‍റെ ആദ്യ അപേക്ഷ തന്നെ അംഗീകരിച്ചു
  • പൊലീസും ജയില്‍ വകുപ്പും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി
  • ജയിലില്‍ കിട്ടിയത് വിഐപി പരിഗണന

ഭാസ്കര കാരണവരുടെ കൊലയാളി ഷെറിന്റെ ജയിൽമോചനത്തിന് ശുപാർശ നൽകിയത് സിപിഎം മുൻ എംഎൽ എമാർ അംഗങ്ങളായ കമ്മിറ്റി. കെ.കെ ലതികയും കെ. എസ് സലീഖയുമാണ് മോചന നടപടിക്ക് തുടക്കമിട്ട ജയിൽ ഉപദേശക സമിതിയിലെ സർക്കാർ പ്രതിനിധികൾ. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചു. ജയിൽ കാലയളവിലെ പ്രശ്നങ്ങൾ മറച്ചു വെച്ച് പൊലീസും ജയിൽ വകുപ്പും ഷെറിന് അനുകൂല റിപ്പോര്‍ട്ടും നൽകി.പരോളിൽ കഴിഞ്ഞ നാളുകൾ കുറച്ചാൽ ഷെറിൻ 14 വർഷം പോലും ജയിലിൽ കിടന്നുമില്ല. 

 

ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിയിപ്പിൽ പറയുന്നത് കഴിഞ്ഞ ഓഗസ്റ്റ് 8 ന് ചേർന്ന കണ്ണൂർ വനിത ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരമുള്ള നടപടിയെന്നാണ്. ജയിൽ ഡിജിപി അധ്യക്ഷനായ 7 അംഗ സമിതിയിലെ  സർക്കാർ പ്രതിനിധികളെല്ലാം സിപിഎം നേതാക്കളാണ്. മുൻ എംഎൽഎമാരും സിപിഎം സംസ്ഥാന നേതാക്കളുമായ കെ.കെ ലതികയും കെ.എസ് സലീഖയും,  മഹിള അസോസിയേഷൻ നേതാവ് എം.വി സരളയും. ഇവരാണ് ഷെറിനെ മോചിപ്പിക്കാനുള്ള ആദ്യ ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നത്. പലതരത്തിലുള്ള സ്പെഷൽ പരിഗണന ഈ കമ്മിറ്റി ഷെറിന് നൽകിയത് നടപടികളിൽ വ്യക്തം.

2009 നവംബർ 9 നാണ് ഭാസ്കര കാരണവർ കൊല്ലപ്പെടുന്നത്. നവംബർ 12 ന് ഷെറിൻ പിടിയിലായി. ജീവപര്യന്തത്തിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായത് 2023 നവംബർ 12 ന്. പിന്നീട് വെറും 9 മാസത്തിനുളളിൽ മോചന ഫയൽ ജയിലിൽ തയാറായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാൾ 14 വർഷം പൂർത്തിയായാൽ ജയിൽ സൂപ്രണ്ട് തന്നെ അക്കാര്യം ഉപദേശക സമിതിയെ അറിയിക്കും.എന്നാൽ ആദ്യ വർഷം തന്നെ അപേക്ഷ പരിഗണിക്കാറില്ല. ആ കീഴ്​വഴക്കം ഷെറിന് ബാധകമായില്ല. ശിക്ഷ കാലയളവിൽ വിവിധ വർഷങ്ങളിലായി 452 ദിവസം ഷെറിൻ പരോളിൽ പുറത്തായിരുന്നു. അത് ഒഴിക്കിയാൽ 13 വർഷവും 9 മാസവും മാത്രമാണ് ഷെറിൻ ജയിലിൽ കഴിഞ്ഞത്.

ഷെറിനൊപ്പം രണ്ട് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. പോലീസ് റിപ്പോർട്ട് അനുകൂലമല്ലെന്ന പേരിൽ അവ തള്ളി. അതേസമയം ഷെറിൻ നല്ല കുട്ടി എന്ന  സർട്ടിഫിക്കറ്റാണ് പൊലീസും ജയിൽ വകുപ്പും  നൽകിയത്. ജയിൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറൽ, മൊബൈൽ ഫോൺ ഉപയോഗം, ജോലി ചെയ്യാതിരിക്കൽ തുടങ്ങി വിവിധ കാരണങ്ങൾക്ക് ശിക്ഷ എന്ന തരത്തിൽ നാല് തവണ ജയിൽ മാറ്റത്തിന് വിധേയയാളാണ് ഷെറിൻ. ഇതു മറച്ചുവെച്ചാണ്  ഗുഡ് സർട്ടിഫിക്കറ്റ്. ചുരുക്കത്തിൽ ജയിൽ ജീവിതത്തിൽ ലഭിച്ച വിഐപി പരിഗണന മോചന ഫയലിലും ഷെറിൻ നേടിയെടുത്തു.

ENGLISH SUMMARY:

The release of Bhaskara Karanavar’s murderer, Sherin, was recommended by a CPM-led committee. The jail advisory board's government representatives, K.K. Lathika and K.S. Saliqa, played a key role in initiating the process. Allegations arise regarding police and prison department reports favoring Sherin’s early release.