അപകടത്തില്‍പെട്ട ബൈക്കും മരിച്ച ജിജോയും.
ഇന്നുരാവിലെ വരനായി കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്നതാണ് ജിജോ. മനസിൽ കോർത്തെടുത്ത സ്വപ്നങ്ങള്‍ ബാക്കിയാക്കി, എല്ലാവരെയും കണ്ണീരിലാഴ്ത്തിയുള്ള ആ പോക്ക് വീടിനും നാടിനും തീരാവേദനയായി. വിവാഹ അലങ്കാരങ്ങളും സന്തോഷവും ചിരിയും നിറയേണ്ട വീട് സങ്കടക്കയത്തിലാണ്ടുപോയി. ഇന്നലെയുണ്ടായ അപകടം എല്ലാം തകര്‍ത്തു.
കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നിലുള്ള കൊച്ചുപാറയിൽ ജിൻസന്റെ മകൻ ജിജോ ജിൻസണ്‍ (21) ഇന്നലെ രാത്രി കാളികാവിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജിജോയെയും അജിത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയിൽ നടക്കാനിരിക്കെയാണ് ദാരുണ സംഭവം.