വിവാഹ തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം വയലാ സ്വദേശി ജിജോ ജിൻസനാണ് കുറവിലങ്ങാട് കാളികാവിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് 10 മണിക്ക് വിവാഹം നടക്കാനിരിക്കെയാണ് 21 വയസ് മാത്രമുള്ള ജിജോയുടെ മരണം.
വർഷങ്ങളുടെ പ്രണയസാഫല്യം. ഇന്ന് പത്തുമണിയോടെ ഇലക്കാട് പള്ളിയിൽ ആഘോഷമായ കല്യാണത്തിനൊരുങ്ങിയ ജിജോയ്ക്ക് വേണ്ടി വിധി കാത്തിരുന്നില്ല. കല്യാണ ആവശ്യത്തിനായുള്ള സാധനങ്ങൾ വാങ്ങി കുറവിലങ്ങാട് നിന്നും വയലായിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. എതിരെ വന്ന വാനിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ ജിജോ ജിൻസൺ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അജിത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാളികാവ് പള്ളിക്ക് സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജിജോ മരിച്ചിരുന്നു. കേസെടുത്ത കുറവിലങ്ങാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വയല സ്വദേശികളായ ജിൻസൺ നിഷ ദമ്പതികളുടെ മകനാണ് മരിച്ച ജിജോ. ദിയാ, ജിൻസൺ, ജീന ജിൻസൺ എന്നിവരാണ് സഹോദരിമാർ.