പാലക്കാട് നെന്മാറയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം. കോടതിയില്‍ കുറ്റമേല്‍ക്കുന്ന മട്ടില്‍ ചെന്താമര നടത്തിയ പ്രതികരണങ്ങള്‍ കേസിന്‍റെ അന്വേഷണത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തി കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പായി മൊഴി രേഖപ്പെടുത്തുന്നതിന്‍റെ സാധ്യതയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഒരിടത്തും ചെയ്ത തെറ്റ് സമ്മതിക്കാത്ത ചെന്താമര കോടതിയിലെത്തിയപ്പോള്‍ നിലപാട് മാറ്റി. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത് തെറ്റാണെന്നും തന്നെ നൂറുവര്‍ഷം ജയിലില്‍ അടയ്ക്കണമെന്നും കോടതിയോട് പറഞ്ഞു. ശിക്ഷാനടപടികള്‍ വേഗത്തിലാക്കാന്‍ കോടതി തയാറാവണം. തന്‍റെ മകളുടെയും മരുമകന്‍റെയും മുന്നില്‍ ചെന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതകാലം മുഴുവന്‍ ചെയ്ത തെറ്റിന് ജയില്‍ശിക്ഷ അനുഭവിച്ചോളാം. പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചിട്ടും കുറ്റബോധമെന്നോ പശ്ചാത്താപമെന്നോ ഒരുവരി പറയാത്ത ചെന്താമര കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ രേഖയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
കൊലപ്പെടുത്തിയ രീതിയും കാരണവും രഹസ്യമൊഴിയാക്കിയാല്‍ കേസ് കുറ്റമറ്റ നിലയില്‍ തെളിയിക്കുന്നതിന് പ്രയോജനപ്പെടും. ഓരോ സമയവും നിലപാട് മാറ്റി ചെന്താമര തീര്‍ക്കുന്ന പ്രതിസന്ധിയും മറികടക്കാനാവും. ചെന്താമര കൊലയ്ക്ക് ഉപയോഗിച്ച ആയുധം, ധരിച്ചിരുന്ന വസ്ത്രം, രക്തസാംപിള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെടുക്കാനായതും നിര്‍ണായകമാണ്. പൊലീസും പ്രോസിക്യൂട്ടറും ചര്‍ച്ച ചെയ്ത് രഹസ്യമൊഴിയെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ആലത്തൂര്‍ ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ചയില്‍ അന്തിമമാക്കും. അങ്ങനെയെങ്കില്‍ ചെന്താമരയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പായി രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും.