തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ മൂന്നുമണിക്കാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞതായി നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന്റെ അപ്പൂപ്പന്റെ 16അടിയന്തര ചടങ്ങായിരുന്നു ഇന്ന്. ഈ ചടങ്ങിനായി ചില ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയുെട സഹോദരന്‍റെ മുറിയില്‍ നിന്നും പുലര്‍ച്ചെ മണ്ണെണ്ണയുടെ ഗന്ധം വന്നെന്നും തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറയുന്നു. എല്ലാവരുടെയും മൊഴിയില്‍ അടിമുടി ദുരൂഹത നിറയുകയാണ്.
ഒരു ചെറിയ വാടകവീടാണിത്, വീടിന്റെ പുറകുവശത്താണ് കിണറുള്ളത്. ഉറങ്ങിക്കിടന്ന കുഞ്ഞെങ്ങനെ കിണറ്റില്‍ വീണു എന്നതാണ് ഉയരുന്ന ചോദ്യം. അമ്മയും അച്ഛനും രണ്ട് മുറികളിലാണ് കിടന്നത്. അമ്മയ്ക്കൊപ്പമാണ് രണ്ടുവയസുകാരി കിടന്നുറങ്ങിയത്. ഇതിനിടെ മൂത്തകുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോകാനായി രണ്ടുവയസുകാരിയെ അച്ഛനൊപ്പം കിടത്തിയെന്നാണ് അമ്മൂമ്മ പറയുന്നത്. തിരിച്ചുവന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലായെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ബാലരാമപുരം കോട്ടുകാല്‍കോണത്തെ വാടക വീട്ടിലെ കിണറ്റില്‍ നിന്നാണ് ശ്രീതു–ശ്രീജിത്ത് ദമ്പതികളുടെ മകളെ കണ്ടെത്തിയത്. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീതുവിന്‍റെ സഹോദരന്‍ കുഞ്ഞിനെ ഒളിപ്പിച്ചതാകാമെന്ന് ദമ്പതികള്‍ പൊലീസില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അകത്ത് നിന്നും പൂട്ടിയിട്ട വീട്ടിനുള്ളില്‍, അചഛനും അമ്മയ്ക്കും ഇടയില്‍ കിടന്നുറങ്ങിയ കുട്ടിയെ എങ്ങനെ എടുത്തുകൊണ്ട് പോയി എന്നതിലടക്കം ദുരൂഹത ഉയരുന്നുണ്ട്.
കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തു. കുഞ്ഞിന്‍റെ അമ്മാവന്‍ കിടന്നിരുന്ന മുറിയില്‍ തീ പടര്‍ന്നതിന്‍റെ അടയാളങ്ങളുണ്ട്. ഇവിടെ നിന്നും മണ്ണെണ്ണയുടെ സാന്നിധ്യം പൊലീസിന് ലഭിച്ചു. വീട്ടുകാരെയെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുകയാണ്.