കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സർവീസ് എയർഇന്ത്യ നിർത്തലാക്കുന്നു. കൊച്ചി-ലണ്ടൻ ഗാറ്റ്‌വിക്ക് റൂട്ടിലുള്ള സർവീസ് മാർച്ച് മുപ്പതിനു ശേഷം ഉണ്ടാവില്ല. വിമാനം വാര്‍ഷിക അറ്റകുറ്റപ്പണിക്കായി മാറ്റുന്നെന്നാണ് വിശദീകരണം. ലണ്ടനിലെ മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
കോവിഡ് കാലത്ത് കൊച്ചിയില്‍ നിന്ന് യു.കെയിലേക്ക് ആരംഭിച്ച നേരിട്ടുള്ള സര്‍വീസ് ആണ് വിമാനമില്ലെന്ന പേരില്‍ നിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യു.കെയിലെ പ്രവാസിമലയാളികള്‍ക്ക് സാധിച്ചില്ല. അന്വേഷിച്ചപ്പോഴാണ് ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി ആവശ്യമായതിനാല്‍ സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള ഫ്ളൈറ്റ്.
എന്നാല്‍ സാമ്പത്തിക കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. എക്കോണമി ക്ലാസില്‍ എല്ലാ സ്ര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും. എന്നാല്‍ ബിസിനസ് ക്ലാസില്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുന്ന രാജ്യത്തെ മറ്റ് നഗരങ്ങളില്‍ നിന്ന് യു.കെയിലേക്കുള്ള സര്‍വീസുകളിലാണ് എയര്‍ ഇന്ത്യക്ക് താല്‍പര്യമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു. കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തുന്നതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് എം.പിമാര്‍.