balaramapuram-sp

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള കരിക്കകം സ്വദേശിയായ ജ്യോത്സ്യനെ ചോദ്യംചെയ്യുന്നു. രണ്ടരവയസുകാരിയെ കൊന്നതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോടു പറഞ്ഞു. അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പറയാറായിട്ടില്ല. അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ല. ഫോണ്‍ രേഖകള്‍, ചാറ്റുകള്‍, സാഹചര്യത്തെളിവുകള്‍ തുടങ്ങിയവ പരിശോധിക്കുമെന്നും എസ്പി വിശദീകരിച്ചു

Read Also: ‘ദേവേന്ദുവിനു വേണ്ടി തയ്ച്ചതാണ്, പക്ഷേ...; എന്തിനാണ് ആ കുഞ്ഞിനോട് ഈ ക്രൂരത?’

അതേസമയം,  അമ്മ ശ്രീതുവിന്‍റെ മൊഴി സത്യമോ എന്നറിയാന്‍ കുട്ടിയുടെ അമ്മൂമ്മയേയും സഹോദരിയേയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുട്ടികളെ അമ്മാവന്‍  ഹരികുമാര്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയിരുന്നു. അതിനിടെ, ഭക്ഷണവും വെള്ളവും കഴിക്കാതെ  പൊലീസ് സ്റ്റേഷനില്‍ നിരാഹാരത്തിലാണ് ഹരികുമാര്‍ . ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.   ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്നത്.    

ഹരികുമാറിനെതിരെ ദേവേന്ദുവിന്റെ അമ്മ

തിരുവനന്തപുരം ബാലരാമപുരം കൊലക്കേസില്‍ പ്രതി ഹരികുമാറിനെതിരെ ദേവേന്ദുവിന്റെ അമ്മയുടെ മൊഴി. കുഞ്ഞ് ശല്യമെന്ന് പറഞ്ഞ് രണ്ടുദിവസം മുന്‍പും ഭീഷണിപ്പെടുത്തിയെന്നു അമ്മ ശ്രീതു പറഞ്ഞു. കുഞ്ഞ് കരയുന്നതും ശബ്ദമുണ്ടാക്കുന്നതും ശല്യമെന്നായിരുന്നു കുറ്റപ്പെടുത്തൽ. 

ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.  ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്നത്. അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയക്കുകയും അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിന്‍റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മയെ ഇനി ഉടൻ ചോദ്യം ചെയ്യേണ്ടെന്നാണ് തീരുമാനം. 

ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കിണറ്റിൽ ഇട്ടു എന്നാണ് ഹരികുമാറിന്റെ മൊഴി. സഹോദരനും സഹോദരിയും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ കുഞ്ഞിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സഹോദരിക്ക് പങ്കില്ല എന്ന ഹരികുമാറിന്റെ മൊഴി  പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ശ്രീതുവുമായി പിണക്കത്തിലായിരുന്ന ഭര്‍ത്താവ് ശ്രീജിത്ത് വേർപെട്ടാണ് കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ വീട്ടിൽ വന്നത്. അതിനാൽ ശ്രീജിത്തിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.

ENGLISH SUMMARY:

Balaramapuram 2-year-old girl's death: Maternal uncle Harikumar arrested