കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ അവഗണന. സംസ്ഥാനം മുന്നോട്ടുവെച്ച ഇരുപത്തിനാലായിരം കോടിയുടെ പ്രത്യേക പാക്കേജോ വയനാടിനുള്ള ധനസഹായമോ പ്രഖ്യാപിച്ചില്ല. വിഴിഞ്ഞവും റബറിനുള്ള താങ്ങുവിലയും ബജറ്റില്‍ ഇടം നേടിയില്ല. ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തി.
ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വമാകെ കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള 24,000 കോടിയുടെ പാക്കേജും വയനാട് പുനരധിവാസവും ഉള്‍പ്പെടെ അവഗണിക്കപ്പെട്ടതാണ് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചത്.
കേരളത്തിന്‍റെ ആവശ്യങ്ങവെല്ലാം കേന്ദ്ര ധനമന്ത്രിനിരാകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങളെ നിഷേധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് എവിടെയെന്നും നോക്കിയുള്ള രാഷ്ട്രീയ സമീപനമാണ് കേന്ദ്ര ബജറ്റ്. വയനാട് പാക്കേജ് പോലും പ്രഖ്യാപിക്കതെ കേരളത്തോട് പൂർണ അവഗണനയാണ് കേന്ദ്രം കാണിച്ചിരിക്കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
കേന്ദ്രബജറ്റില്‍ സംസ്ഥാനങ്ങളോട് വിവേചനമെന്ന് കെ.സി.വേണുഗോപാല്‍. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തെ വരെ അവഗണിച്ചു. കേരളം ഇന്ത്യയിലാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം. തലക്കെട്ടിനായുളള പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂ. ജി.എസ്.ടി പരിഷ്കരണമാണ് ആവശ്യമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
റബറിന് താങ്ങുവില തുടങ്ങി വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള പദ്ധതിവരെ മുന്നോട്ടുവെച്ചിട്ടും ഒന്നുപോലും ബജറ്റില്‍ ഇടം നേടിയില്ല. കടമെടുപ്പ് പരിധിയിലെ മാറ്റങ്ങളും എയിംസും സില്‍വര്‍ലൈനും ഒന്നും കേന്ദ്ര ധനമന്ത്രി കണക്കിലെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
എന്നാല്‍ കേരളാസൗഹൃദ നിര്‍മലാ സീതാരാമന്‍റെ പ്രഖ്യാപനങ്ങളെന്നാണ് ബിജെപിയുടെ നിലപാട്. പാലക്കാട് ഐ.ഐ.ടിക്ക് ഫണ്ടനുവദിച്ചതാണ് പേരിനെങ്കിലും ഒരാശ്വാസം. അനുവദിച്ചതിനെക്കാളും അവഗണിച്ചവയെ മുന്‍നിറുത്തിയാവും വരും ദിവസങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍.