child-welfare

തിരുവനന്തപുരം ശിശുക്ഷേമ സമിതി ഓഫീസ് ചുമതലകളില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ ക്രിമിനല്‍ സംഘത്തിന്‍റെ വാഴ്ച തുടരുന്നു. ഡിസംബറില്‍ ആയമാര്‍ രണ്ടര വയസുകാരിയെ ഉപദ്രവിച്ച കേസിനെത്തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജിന്‍റെ പ്രഖ്യാപനവും ജലരേഖയായി.  

രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പിച്ച ഞെട്ടിക്കുന്ന സംഭവം  നടന്നത് കഴിഞ്ഞ ഡിസംബര്‍ മൂന്നിന്. പിന്നാലെ ആയമാരുടെ  ക്രൂരതകളും സമിതി ജീവനക്കാരുടെ കുറ്റകൃത്യങ്ങളും ഒന്നൊന്നായി പുറത്തു വന്നു. 

സ്ഥാപനത്തിലെ ഇടത് സംഘടനയെ നയിക്കുന്നത് ഇപ്പോഴും  കൊലക്കേസ് പ്രതി തന്നെ . മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി അജികുമാറാണ് സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും. 

പഠന ക്യാംപില്‍ കുട്ടിയോട്അപമര്യാദയായി പെരുമാറിയ ആളും ഇപ്പോഴും  ഭരണ സമിതിയിലുണ്ട്. ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ല. കുട്ടികളോട് മോശമായി പെരുമാറിയതിന് ഇടത് യൂണിയന്‍ നേതാവിന്‍റെ  ഭാര്യയായ ആയയെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ഇവര്‍ പോയ വേഗത്തില്‍ തിരികെയെത്തിയതും വിവാദമായിരുന്നു.  മുന്‍പ് നടന്ന വിവാദ ദത്തെടുക്കല്‍ കേസില്‍ പിരിച്ചുവിട്ട ജീവനക്കാരി തിരികെ ജോലിക്ക് കയറിയതും പാര്‍ട്ടി സ്വാധീനത്തിലെന്ന്  ആക്ഷേപമുയര്‍ന്നിരുന്നു.

ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയാണിവര്‍. കുട്ടിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ ആയമാര്‍ എങ്ങനെ ശിശുക്ഷേമ സമിതി ജീവനക്കാരായെന്ന ചോദ്യമുയര്‍ന്നതിനിടെയാണ് നിയമനങ്ങളിലെ സിപിഎം പാര്‍ട്ടി പങ്ക് പുറത്തു വന്നത്. കുട്ടികളെ ഉപ്രദ്രവിച്ചവരുള്‍പ്പെടെ ശിശുസംരക്ഷകരായി തുടരുന്നതും. ‌

ENGLISH SUMMARY:

The criminal group's influence continues within the Thiruvananthapuram Child Welfare Committee office, including the presence of a murder case accused. Minister Veena George's declaration in December of strict action against the culprits in the case involving the harassment of a two-and-a-half-year-old child has proven to be ineffective