എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് വിട ചൊല്ലി നാട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തും.
ആക്രമണത്തെ തുടർന്ന് ആറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ പോക്സോ കേസ് അതിജീവിത ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് മരണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകൾ ഉണ്ട്. പ്രതിയും തലയോലപ്പറമ്പ് സ്വദേശിയുമായ അനൂപിനെതിരെ ബലാൽസംഗ കുറ്റത്തിന് പുറമേ കുറ്റകരമായ നരഹത്യ ചുമത്തും.
ആക്രമണ ശേഷം ഞാറാഴ്ച രാത്രി അനൂപ് പെൺകുട്ടിയുടെ വീടിന്‍റെ പരിസരത്ത് എത്തിയതായി മൊഴിയുണ്ട്. വീട്ടിൽ ലൈറ്റ് കണ്ടതിനാൽ പെൺകുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിച്ചതിനാലാണ് ഒളിവിൽ പോകാത്തതെന്നാണ് പ്രതിയുടെ മൊഴി. അനൂപിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച പോലീസ് കോടതിയിൽ സമർപ്പിക്കും. കുരീക്കാട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അനൂപ് ജേക്കബ് എംഎൽഎ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. തൃപ്പൂണിത്തുറ സെന്റ് മേരിസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.