ഷുഗു സി തോമസ്, പ്രോസിക്യൂട്ടർ | അഞ്ജു മീര ബിർള, ജഡ്ജി
താന്‍ മാനഭംഗപ്പെടുത്തിയതില്‍ മനംനൊന്ത് കൊച്ചുമകള്‍ ആത്മഹത്യ ചെയ്തിട്ടും തെല്ലും കൂസലുണ്ടായില്ല കുണ്ടറയിലെ നരാധമനായ മുത്തച്ഛന്. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്‍റെ ഗുമസ്തനും സഹായിയുമൊക്കെയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്‍റെ പരിചയസമ്പത്ത് മാത്രം മതി ഒരു കേസ് തേച്ചുമാച്ചു കളയാന്‍ എന്നായിരുന്നു അയാളുടെ വിശ്വാസം. പൊലീസിനെ പോലും വരുതിക്ക് നിര്‍ത്തി കുറച്ചേറെക്കാലം സുരക്ഷിതായി നടക്കാനും അയള്‍ക്കായി. പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയ പിതാവിനും നീതി അകലെയയിരുന്നു. ഒടുവില്‍ മനോരമ ന്യൂസ് നടത്തിയ വാര്‍ത്താ ഇടപെടലാണ് നീതിയുടെ മാര്‍ഗം തുറന്നത്.
കേസില്‍ വിചാരണ നടക്കുമ്പോൾ പെണ്‍കുട്ടിയുടെ 20 വയസു കഴിഞ്ഞ സഹോദരിയും അമ്മയും മുത്തച്ഛനെ രക്ഷിക്കാൻ പ്രതിഭാഗം സമ്മർദത്തെ തുടർന്ന് മൊഴിമാറ്റി. പക്ഷേ നീതിയുടെമാര്‍ഗം മുടക്കാന്‍ അതൊന്നും അതൊന്നും മതിയാകുമായിരുന്നല്ല. അനുകൂലമാകേണ്ടിയിരുന്ന മൊഴിയും തെളിവുകളും എതിരായപ്പോഴും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു സി. തോമസ് പതറിയില്ല. നിഷേധിക്കാനാകാത്ത വസ്തുതകള്‍ നീതിപീഠത്തിന് മുന്നില്‍ നിരത്തിയതോടെ പ്രതിക്ക് കഠിനശിക്ഷവിധിക്കാന്‍ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയ്ക്ക് തടസങ്ങളുമുണ്ടായില്ല.
വിചാരണയിലെ അഭിഭാഷക ഇടപെടൽ
കൊല്ലം കോടതിയിൽ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസിൽ ആദ്യം സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായത് അഡ്വ. ഓച്ചിറ അനില്‍കുമാറാണ്. എന്നാൽ സാക്ഷികളെയെല്ലാം കൂറുമാറ്റാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തുന്ന നീക്കം നേരത്തെ പ്രതിയുടെ അഭിഭാഷകന്‍റെ ജൂനിയറായിരുന്ന പബ്ളിക് പ്രോസിക്യൂട്ടര്‍ മനസിലാക്കി. ഇതോടെ തിരിച്ചടി ഭയന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ പിൻമാറി. പിന്നീടാണ് കേസ് വേഗത്തിൽ തീർക്കാൻ കൊട്ടാരക്കര അതിവേഗ കോടതിയിലേക്ക് മാറ്റിയതും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ ഷുഗു സി തോമസ് നിയമിതനാകുന്നതും.
പോക്സോ കേസിൽ വിചാരണ വൈകുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ കൂറുമാറ്റം കുണ്ടറ കേസിലും സംഭവിച്ചു. കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ സഹോദരി വീട്ടിനുള്ളിലെ പീഡനം കോടതിയില്‍ പറയാന്‍ വിസമ്മതിച്ചു. ഇത് മുൻകൂട്ടി മനസിലാക്കിയിരുന്ന അഡ്വ ഷുഗു സി തോമസ് എടുത്ത നീക്കമാണ് നിർണായകമായത്. സംഭവം നടക്കുമ്പോള്‍ 13 വയസ് മാത്രമുണ്ടായിരുന്ന സഹോദരിയുടെ രഹസ്യ മൊഴി അന്ന് രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെ വിസ്തരിച്ചത് കേസിൽ നിർണായകമായി. മരണമടഞ്ഞ പെൺകുട്ടി മരിക്കുന്നതിന് തൊട്ട് മുൻപും ലൈംഗിക ചൂഷണത്തിനിരയായിരുന്നുവെന്ന് മെഡിക്കൽ- പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇതില്‍ മുത്തച്ഛന്‍റെ പങ്ക് കോടതിയില്‍ വാദിച്ചുറപ്പിക്കാനും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കായി. കുട്ടി മരിച്ച വീട്ടിൽ മറ്റൊരു പുരുഷന്‍റെ സാന്നിധ്യമില്ലായിരുന്നുവെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഒരു തവണയല്ല പല തവണ കുട്ടി ലൈംഗിക ചൂഷണത്തിനിരയായിരുന്നു എന്നതും സ്പെഷ്യൽ പബ്ളിക് പ്രോസിക്യട്ടര്‍ കോടതിയില്‍ വാദിച്ചുറപ്പിച്ചു.
വീട്ടിലെ പ്രശ്നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നായിരുന്നു ആത്മഹത്യ കുറിപ്പ്. വീട്ടില്‍ മുത്തച്ഛന്‍റെ പീഡനങ്ങളല്ലാതെ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. മരിച്ച കുട്ടി മാത്രമല്ല സഹോദരിയും പീഡനിരയായിട്ടുണ്ടെന്ന കണ്ടെത്തലുകളും പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് സ്ഥാപിക്കാനായി. സാക്ഷികളെ കൂറുമാറ്റാന്‍ പ്രതിഭാഗം അഭിഭാഷകര്‍ നടത്തുന്ന നീക്കം അറിഞ്ഞ പല അഭിഭാഷകരും കേസ് ഏറ്റെടുക്കാന്‍ താല്പര്യം കാണിക്കാത്തിടത്താണ് ഷുഗു സി തോമസ് ആര്‍ജവത്തോടെ മുന്നോട്ടുവന്നത്.
സാക്ഷികള്‍ കൂറുമാറുമെന്ന് ഉറപ്പുണ്ടായിട്ടും കേസില്‍ ഉറച്ചു നിന്നു എന്ന ചോദ്യത്തിന് അഡ്വ. സുഗു സി തോമസ് വികാരധീനനായാണ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചത്. തനിക്ക് 11 വയസുള്ള ഒരു മകളുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാനാണ് ഈ കേസില്‍ താന്‍ ഉറച്ച് നിന്നത്. പബ്ളിക് പ്രോസിക്യൂട്ടറിനൊപ്പം കേസ് നടത്തിപ്പില്‍ സഹായിയായി പ്രവര്‍ത്തിച്ചത് എ.എസ്.ഐ സുധാകുമാരിയാണ്. പ്രോസിക്യൂഷന്‍ തെളിവുകള്‍ കൃത്യമാക്കുക, വിചാരണയില്‍ പ്രോസിക്യൂഷന് വിജയമുണ്ടാക്കുക എന്നീ ദൗത്യങ്ങളില്‍ സുധാകുമാരി മികവ് കാട്ടിയെന്ന് പബ്ളിക് പ്രോസിക്യൂട്ടറും സാക്ഷ്യപ്പെടുത്തുന്നു. മനോരമ ന്യൂസ് കൊണ്ടു വന്ന വാര്‍ത്തയില്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നെങ്കിലും വിചാരണ കൃത്യമായി നടത്തി കുറ്റകൃത്യം തെളിയിച്ചെടുത്ത അഡ്വ ഷുഗു സി തോമസിന്‍റെ ടീമിന്‍റെയും പങ്ക് എടുത്തുപറയേണടതാണ്. സാക്ഷികള്‍ കൂറുമാറിയിടത്തും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയ്ക്കുമായി.