കൂത്താട്ടുകുളം നഗരസഭയിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയെന്ന് എറണാകുളം റൂറല്‍ എ.എസ്.പി യുടെ റിപ്പോര്‍ട്ട്. വീഴ്ചയില്‍ നടപടി ശുപാര്‍ശ ചെയ്ത് റൂറല്‍ എസ്.പി ഡി.ഐ.ജി യ്ക്ക് റിപ്പോര്‍ട്ട് കൈമാറി. കൗണ്‍സിലര്‍ കലരാജുവിനെ തട്ടിക്കൊണ്ട് പോകാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി സിപിഎമ്മിന് ഒത്താശ ചെയ്തുവെന്നായിരുന്നു ആരോപണം.
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലരാജുവിനെ തട്ടിക്കൊണ്ടുപോയ ജനുവരി 18ന് പൊലീസ്, സിപിഎം ഒത്തുകളി നടന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് എ.എസ്.പി യുടെ റിപ്പോര്‍ട്ട്. നഗരസഭയിലെ സംഘര്‍ഷം തടയുന്നതില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം ബൈജുവിന് വീഴ്ച സംഭവിച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. കലാരാജുവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മക്കള്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ കാലതാമസം വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ കലരാജു ഉണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ കേസ് അന്വേഷണ ചുമതല മൂവാറ്റുപുഴ ഡിവൈഎസ്പിയില്‍ നിന്നും ആലുവ ഡി.വൈ.എസ്.പിയ്ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് സിപിഎമ്മുകാരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് എ.എസ്.പി പി.എം കൃഷ്ണന്‍ എസ് പി യ്ക്ക് കൈമാറിയിരുന്നു. വീഴ്ചയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്.പി വൈഭവ് സക്സേന ഡി.ഐ.ജി യ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.